മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്‍റെ നിർമാണ ചുമതല ഇടത് പാർട്ടി ചാനലിന് നൽകിക്കൊണ്ട് ഉത്തരവിറങ്ങി. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കിയാണ് സ്വന്തം പാർട്ടി ചാനലിന് കോടികളുടെ ലാഭമുണ്ടാക്കാനുള്ള സർക്കാർ നീക്കം.
പ്രതിവർഷം ഒരു കോടിയിലധികം രൂപയാണ് നാം മുന്നോട്ടിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചാനലിന് ലഭിക്കുക. പരിപാടിയുടെ സെറ്റ് നിർമാണത്തിനും ഓരോ എപ്പിസോഡിനുമായി ലക്ഷങ്ങളുടെ കണക്കാണ് ഉത്തരവിൽ വിവരിക്കുന്നത്. പരിപാടി നടത്തിപ്പ് സംബന്ധിച്ച് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച പ്രൊപ്പോസലുകൾക്ക് ഏകീകൃത സ്വഭാവമില്ലെന്ന കാരണം പറഞ്ഞാണ് പരിപാടിയുടെ നടത്തിപ്പ് പാര്‍ട്ടി ചാനലിന് നൽകിയത്. കുറഞ്ഞ ചെലവിൽ പരിപാടി നടത്തുമെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിന്‍റെ സെറ്റ് നിർമാണത്തിന് മാത്രമായുള്ള ലക്ഷങ്ങൾക്ക് പുറമേ ഓരോ എപ്പിസോഡിനും 2 .5 ലക്ഷത്തോളം രൂപ നൽകാനാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം പ്രതിവർഷം ഒരു കോടിയിലധികം രൂപയാണ് പാർട്ടി ചാനലിന് ലഭിക്കുക. സി-ഡിറ്റിനെ ഒഴിവാക്കി നാം മുന്നോട്ടിന്‍റെ ചുമതല കൂടി ചാനലിന് നൽകിയതിലൂടെ സി-ഡിറ്റിന്‍റെ പതനം കൂടി സർക്കാർ ഉറപ്പ് വരുത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ഓഫീസ് പോർട്ടൽ, പ്രവാസി ചിട്ടി തുടങ്ങിയവയുടെ നടത്തിപ്പില്‍ നിന്ന് നേരത്തെ സി-ഡിറ്റിനെ ഒഴിവാക്കി സ്വകാര്യ കമ്പനികൾക്ക് നൽകിയിരുന്നു. സ്വന്തം ചാനലിനെ വളർത്തി പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുള്ള നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് വ്യക്തമാണ്. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സർക്കാരിന്‍റെയും മുഖ്യന്‍റെയും പ്രതിബദ്ധത വാക്കുകളിൽ മാത്രം ഒതുങ്ങുന്നു.
https://www.youtube.com/watch?v=PTi-Kw6tL8A