തലശ്ശേരിയിലെ സി ഒ ടി നസീർ വധശ്രമവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തലയൂരാനായി തലശ്ശേരിയിൽ വിശദീകരണ പൊതുയോഗവുമായി സി പി എം. സി ഒ ടി നസീറിനെ അക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ക്വട്ടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലെന്നും വിശദീകരിക്കാനാണ് നേതാക്കൾ ശ്രമിച്ചത്.
വടകരയിലെ സ്വതന്ത്ര്യ സ്ഥാനാർത്ഥി സി ഒ ടി നസീറിനെ അക്രമിച്ച കേസിൽ സി പി എം കടുത്ത പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് തലശ്ശേരിയിൽ രാഷ്ട്രിയ വിശദീകരണ പൊതുയോഗവുമായി രംഗത്ത് വന്നത്. എ എൻ ഷംസീർ എംഎൽഎയുടെ അധ്യക്ഷതയിലായിരുന്നു യോഗം.സി ഒ ടി നസീർ വധശ്രമകേസ്സിൽ വാർത്ത നൽകിയ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ഷംസീറിന്റെ അധ്യക്ഷ പ്രസംഗം
പരിപാടി ഉദ്ഘാടനം ചെയ്ത എം വി ഗോവിന്ദൻ അക്രമത്തിന് പാർട്ടി എതിരാണെന്ന് പറയുവാനാണ് സമയം കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും നസീറിനെ അക്രമിച്ചതിൽ പ്രതികൾ ആയിട്ടുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല. പൊലീസ് കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കേണ്ട ചുമതല പാർട്ടിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ക്വട്ടേഷൻ സംഘമാണ് സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വാദം
എന്നാൽ തുടർന്ന് സംസാരിച്ച പി.ജയരാജൻ ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎയെ കാര്യമായി പ്രതിരോധിച്ചില്ല.
ഒ ടി നസീറിനെ അക്രമിച്ചതിനെ ഉപയോഗിച്ച് സിപിഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. തന്നെ അക്രമിച്ചതിന് പിന്നിൽ
പാർട്ടിക്ക് ബന്ധം ഇല്ലെന്നും പാർട്ടിയുടെ ഭാഗമായ ചിലർക്ക് ബന്ധം ഉണ്ടെന്നുമാണ് അന്ന് ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ നസീർ എന്നോട് പറഞ്ഞതെന്നും പി.ജയരാജൻ പറഞ്ഞു.
വാർത്ത നൽകിയ മാധ്യമങ്ങളെയും പി.ജയരാജൻ വിമർശിച്ചു. പാർട്ടിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നു. നസീർ അക്രമിക്കപ്പെട്ട സംഭവത്തിൽ പാർട്ടി കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് തരാൻ മനസ്സില്ലെന്നും പി.ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എംവി ജയരാജനും സി ഒ ടി നസീറിനെ അക്രമിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് പൊതുയോഗത്തിൽ പറഞ്ഞത്.