സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം

Jaihind News Bureau
Thursday, January 16, 2020

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് തുടങ്ങും. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് ഒപ്പം മോദി സർക്കാരിന്‍റെ നിലപാടുകളും കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. കോൺഗ്രസിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ പാർട്ടി കേരള ഘടകത്തിന് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനാൽ ഇക്കാര്യവും ചർച്ച വിഷയമായേക്കും.

മൂന്ന് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോൾ സി.പി.എമ്മിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. കേന്ദ്ര നേതൃത്വത്തിന് മേൽ സംസ്ഥാന നേതൃത്വം പിടി മുറക്കുന്ന സാഹചര്യമാണ് ഉള്ളത്. കോൺഗ്രസിനോട് സ്വീകരിക്കുന്ന സമീപനത്തിൽ പാർട്ടി നേതൃത്വം രണ്ട് തട്ടിലാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസിനെ പിന്തുണയ്ക്കുമ്പോൾ പി.ബി അംഗം പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തിൽ കേരള ഘടകം ഇതിനെ എതിർക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ദേശീയ തലത്തിൽ സി.പി.എം, കോൺഗ്രസിന് ഒപ്പമാണെങ്കിലും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സി.പി.എം നേതാക്കൾ കോൺഗ്രസിനെ എതിർക്കുകയാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നത നിലനിൽക്കുകയാണ്. കാര്യമായ സംഘടനാ അജണ്ടകളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുൻപാകെയില്ല.

സി.പി.എം അംഗങ്ങളായ അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തിയതും പിന്നിട് ഈ കേസ് എൻ.ഐ.എ എറ്റെടുത്തതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഉണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റിയുടെ നിർദേശം മുഖ്യമന്ത്രി പാലിച്ചിട്ടില്ല. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് മുഖ്യമന്ത്രിയുടേത്.  തങ്ങൾ സി. പി. എം പ്രവർത്തകരാണെന്ന് ഇരുവരും പരസ്യമായി വ്യക്തമാക്കിയതോടെ കേന്ദ്ര കമ്മിറ്റിയിൽ ഇത് ചർച്ചാ വിഷയമായേക്കും.  സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളും കേന്ദ്ര കമ്മിറ്റി വിലയിരുത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചർച്ചയാകും. തീരുമാനങ്ങൾ എടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിലെ സഹപ്രവർത്തകരുമായി കുടിയാലോചിക്കാറില്ലെന്ന് വ്യാപകമായ പരാതി ഉണ്ട്. പ്രത്യേകിച്ച് ധനമന്ത്രി തോമസ് ഐസക്കിന്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാര്യമായ പിന്തുണ ലഭിക്കുന്നില്ലന്നാണ് ഐസക്കിന്‍റെ ആക്ഷേപം.

ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിൽ ഉന്നയിക്കുമെന്നാണ് സൂചന. കേന്ദ്ര കമ്മിറ്റിയുടെ ഭാഗമായി പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

teevandi enkile ennodu para