രാജസ്ഥാനില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ടാകാമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സിപിഐഎം സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി മാറിയെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പാര്‍ട്ടിയുടെ നിരീക്ഷണം. എന്നാല്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന കാര്യം വ്യക്തമല്ല.
സിപിഐഎമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളിലായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചതെന്നും ഇവിടെ പാര്‍ട്ട് വോട്ടു പിടിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ടാകാമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു.
രാജസ്ഥാനില്‍ ബിജെപി വിജയിച്ചിരുന്ന രണ്ട് സീറ്റുകളാണ് സിപിഎം പിടിച്ചെടുത്തത്. ഭദ്ര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബല്‍വാന്‍ പൂനിയയും ശ്രീദുംഗര്ഗഡില് ഗിര്‍ധാരി ലാല്‍ മാഹിയയും ജയിച്ചു.
രാജസ്ഥാനില്‍ 29 മണ്ഡലങ്ങളിലാണ് സിപിഎം ഇത്തവണ മത്സരിച്ചത്. അതില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കുകയും ഒരിടത്ത് രണ്ടാം സ്ഥാനത്തും രണ്ടിടത്ത് മൂന്നാം സ്ഥാനത്തും എത്തി. കേവല ഭൂരിപക്ഷം ലഭിക്കാനായി 101 സീറ്റ് വേണമെന്നിരിക്കെ 99 സീറ്റായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 73 സീറ്റുകളും ലഭിച്ചു. സിപിഎം പിടിച്ച വോട്ടുകള്‍ കോണ്‍ഗ്രസിനെ തനിച്ച് ഒറ്റ കക്ഷിയാക്കുന്നത് തടഞ്ഞുവെന്നായിരുന്നു വിമര്‍ശനം.
ഏഴ് രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് രാജസ്ഥാന് ലോക് താന്ത്രിക് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് സിപിഎം ഇത്തവണ മത്സരിച്ചത്. സിപിഎം, സിപിഐ, സിപിഎംഎല്‍, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍(സെക്കുലര്‍), എംസിപിഐ യുണൈറ്റഡ് പാര്‍ട്ടികളാണ് രാജസ്ഥാന് ലോക് താന്ത്രിക് മോര്‍ച്ചയില്‍ ഉള്‍പ്പെട്ട മറ്റ് കക്ഷികള്‍.