ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടാക്കാന്‍ നടന്നാല്‍ പ്രവര്‍ത്തകര്‍ കാണില്ല ; സിപിഎം കൂട്ടുകെട്ടിനെച്ചൊല്ലി ബിജെപി സംസ്ഥാനസമിതിയില്‍ ഏറ്റുമുട്ടല്‍

 

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായുള്ള ബാന്ധവത്തെച്ചൊല്ലി ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ഏറ്റുമുട്ടല്‍. സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് എതിര്‍വിഭാഗം ആരോപിച്ചു. കോണ്‍ഗ്രസ് മുക്തം പറഞ്ഞ് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടാക്കാന്‍ നടന്നാല്‍ പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.

നേമത്ത് ഒ.രാജഗോപാലിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണം ഇപ്പോള്‍ തിരിഞ്ഞുകുത്തുകയാണെന്ന വിമര്‍ശനവും ഉണ്ടായി. രാജഗോപാല്‍ സിപിഎമ്മിന് അനുകൂലമായ തീരുമാനങ്ങള്‍ പതിവായി എടുക്കുന്നതോടെ സിപിഎം-ബിജെപി ബന്ധം പരസ്യമാകുകയായിരുന്നു. വോട്ട് കച്ചവടം നടന്നുവെന്ന ആരോപണം ശോഭാ സുരേന്ദ്രനും നേരത്തെ ഉന്നയിച്ചിരുന്നു.

ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നതിനെച്ചൊല്ലിയും യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായി. ശോഭയെ ഒതുക്കുകയാണ് സുരേന്ദ്രനെന്ന് കൃഷ്ണദാസ് വിഭാഗം ആരോപിച്ചു. അതേസമയം ശോഭാ സുരേന്ദ്രന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സ്വകാര്യ ആവശ്യത്തിനായി ഡല്‍ഹിയില്‍ പോയെന്നായിരുന്നു വിശദീകരണം. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളിലോ പാര്‍ട്ടി പരിപാടികളിലോ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ശോഭ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ വ്യക്തതക്കുറവെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.

Comments (0)
Add Comment