യുഡിഎഫിനെ അനുകൂലിച്ച പി.കെ.രാഗേഷിനെതിരെ സി.പി.എമ്മിന്റെ പ്രതികാരം

Jaihind Webdesk
Thursday, August 22, 2019

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിനെതിരെ സിപിഎമ്മിന്റെ പ്രതികാര നടപടി. കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ അക്കൗണ്ടന്റായ രാഗേഷിനെ മലയോരത്തെ പേരാവൂര്‍ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. കാലാവധി ശേഷിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ കണ്ണൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 26ന് എതിരെ 28 വോട്ടുകള്‍ക്കാണ് പാസായത്. ഇതോടെ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി.
കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. 27, 27 എന്നതായിരുന്നു കോര്‍പറേഷനിലെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില. പി.കെ.രാഗേഷിന്റെ പിന്തുണയിലാണു കോര്‍പറേഷന്‍ എല്‍ഡിഎഫ് ഭരിച്ചിരുന്നത്. രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങിയത്.