
കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നാവായി പ്രവര്‍ത്തിച്ചിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ടുകാലം ചുവപ്പ് രാഷ്ട്രീയത്തിന് വേണ്ടി വാദിച്ച പ്രമുഖ വ്യക്തി തന്നെ ഒടുവില്‍ കാവി പുതച്ചത് സി.പി.എം നേതൃത്വത്തിന് കനത്ത പ്രഹരമായി. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ആശയപരമായ തകര്‍ച്ചയുമാണ് റെജിയുടെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെരൂക്ഷമായ ഭാഷയിലാണ് റെജി ലൂക്കോസ് വിമര്‍ശിച്ചത്. ‘ബി.ജെ.പിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്ന സി.പി.എം തന്നെയാണ് നിലവില്‍ കേരളത്തില്‍ ഏറ്റവും വലിയ വര്‍ഗീയത പറയുന്നത്. വികസന വിരുദ്ധവും അധഃപതിച്ചതുമായ രാഷ്ട്രീയ ചിന്താഗതിയാണ് സി.പി.എമ്മിന്റേത്,’- അദ്ദേഹം തുറന്നടിച്ചു. 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഇടത് കൂടാരം വിട്ടത്.
റെജി ലൂക്കോസിന്റെ മനംമാറ്റം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതോടെ പതിവുപോലെ അദ്ദേഹത്തെ തള്ളിപ്പറയാനുള്ള ശ്രമത്തിലാണ് നേതൃത്വം. റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തതാണ് ‘ഇടത് സഹയാത്രികന്’ എന്ന വിശേഷണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിചിത്രമായ വാദം. എന്നാല്‍ പാര്‍ട്ടിയുടെ ലേബലില്‍ വര്‍ഷങ്ങളോളം ഔദ്യോഗികമായി ചര്‍ച്ചകളില്‍ പങ്കെടുത്ത വ്യക്തിയെ ഒറ്റരാത്രികൊണ്ട് തള്ളിപ്പറയുന്ന സി.പി.എം നിലപാട് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.