സി.പി.എമ്മില്‍ ചുംബനവിവാദം; നേതാവിന്റെ അശ്ലീല വീഡിയോ പുറത്തുവിട്ട് എതിര്‍ഗ്രൂപ്പുകാര്‍

Jaihind Webdesk
Saturday, January 19, 2019

നെയ്യാറ്റിന്‍കര: സി.പി.എമ്മിനുള്ള ഗ്രൂപ്പിസത്തിന് ആയുധമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അശ്ലീല വീഡിയോ പുറത്തുവിട്ട് എതിര്‍വിഭാഗം. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ രാജ്കുമാറും നാട്ടിലെ ഒരു സ്ത്രീയുമായുള്ള സഭ്യേതര ദൃശ്യങ്ങളുടെ വീഡിയോയാണ് എതിര്‍ഗ്രൂപ്പുകാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതു ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്.

പാര്‍ട്ടിയിലെ ജനപ്രതിനിധിയുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായിരിക്കുകയാണ്. അതേസമയം വീഡിയോ പുറത്തുവിട്ടതിനെച്ചൊല്ലി ഇടതുമുന്നണിയിലും സി.പി.എമ്മിനുള്ളില്‍ തന്നെയും ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. സി.പി.ഐ പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. വീഡിയോ പുറത്തുവന്നതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അജിത്തിനു നേരെ സി.പി.എം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. സ്ത്രീശാക്തികരണത്തിനും നവോത്ഥാനത്തിനുംവേണ്ടി വനിതാ മതിലടക്കം സംഘടിപ്പിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് പുറത്തുവന്ന വീഡിയോ എന്നതും വസ്തുതയാണ്. മര്‍ദ്ദനമേറ്റ അജിത് ഇപ്പോള്‍ പാറശാല ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രൈസ്റ്റ്‌നഗര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റാണ് മര്‍ദ്ദനമേറ്റ അജിത്.

അതേസമയം, സദാചാര മര്യാദകള്‍ ലംഘിച്ച സി.പി.എം നേതാവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി  ജനറൽ  സെക്രട്ടറി വട്ടവിള വിജയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.പി. രഞ്ജിത് റാവു, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹെലന്‍ ബാബു, വൈ.ആര്‍.വിന്‍സെന്റ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.