‘പോയി പണിനോക്കണം മിസ്റ്റര്‍!’; പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നോട്ടീസിറക്കി സി.പി.എം സംഘടന

Jaihind Webdesk
Tuesday, March 5, 2019

തിരുവനന്തപുരം: പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ രൂക്ഷഭാഷയില്‍ നോട്ടീസിറക്കിയും പ്രചാരണം നടത്തിയും സി.പി.എം ഉദ്യോഗസ്ഥ സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് ആസോസിയേഷന്‍. ഇന്നു രാവിലെമുതല്‍ ജീവനക്കാര്‍ക്കിടയില്‍ നേരിട്ടും വാട്‌സാപ്പിലുമായി ഇതു പ്രചരിക്കുകയാണ്. സംഘടനയുടെ മൂന്നു നേതാക്കളെ പൊതുഭരണ വകുപ്പില്‍നിന്നു സ്ഥലംമാറ്റിയതും സ്ഥലം മാറ്റാനുള്ള അഡീഷനല്‍ സെക്രട്ടറിയുടെയും ജോയിന്റെ സെക്രട്ടറിയുടെയും അധികാരം എടുത്തു കളഞ്ഞതുമാണു സംഘടനയെ അരിശം കൊള്ളിച്ചിരിക്കുന്നത്.

നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍:

ഐ.എ.എസ് ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് ജീവനക്കാരും എക്കാലവും പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചുമാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈ പാരമ്പര്യത്തിനു നിരക്കുന്ന രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. മൂന്‍പൊരിക്കല്‍ കീഴുദ്യോഗസ്ഥനെ കൊണ്ട് എച്ചില്‍ വാരിക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ മാടമ്പിത്തരത്തെ സംഘടന എതിര്‍ത്തപ്പോള്‍ ആരംഭിച്ചതാണു സെക്രട്ടറിയേറ്റ് ജീവനക്കാരോടുള്ള ഇദ്ദേഹത്തിന്റെ വിരോധം.

തുഗ്ലക് പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥരുടെ ആധിക്യമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ജീവനക്കാരെ സര്‍ക്കാരിന് എതിരാക്കാനാണ് ഈ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തികള്‍ക്കു പിന്തുണയേകിയ ഖദര്‍ പാര്‍ട്ടിക്കാരെ അടുത്ത തവണ പട്ടാഭിഷേകം ചെയ്തു വാഴിക്കാനുള്ള അച്ചാരം കൈപ്പറ്റിയ വൈതാളിക വൃന്ദത്തിന്റെ താവളമായി ഇദ്ദേഹത്തിന്റെ ഓഫിസ് മാറി. ഈ കമ്പനിയില്‍ ഷെയറുമായി എത്തുന്ന ചില വര്‍ഗവഞ്ചകര്‍ നമ്മുടെ ഇടയിലുണ്ട്. ഈ കുലംകുത്തികളെ സെക്രട്ടറിയേറ്റ് സമൂഹം അരിയിട്ടു വാഴിക്കുമെന്നു കരുതരുത്.

അഴിമതിക്കു കുട പിടിക്കുകയാണ് ഈ കൂട്ടം. ജീവനക്കാരുടെ സമ്പാദ്യമായ ഏഴര കോടി കൊള്ളടയിച്ച ഹൗസിങ് സഹകരണ സംഘം മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടിക്കു മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. അത് അട്ടിമറിക്കാനാണു സെക്രട്ടറി ശ്രമിച്ചത്. ചെറിയ ശിക്ഷ നല്‍കി അഴിമതിക്കാരെ രക്ഷിക്കാന്‍ വകുപ്പു ജോയിന്റ് സെക്രട്ടറി സി. അജയനും ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത സംഘടനാ നേതാക്കളെ വകുപ്പില്‍നിന്നു മാറ്റാന്‍ ശുപാര്‍ശ ചെയ്തു. അന്തി ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന സ്ഥലം മാറ്റങ്ങളിലൂടെ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ ‘പോയി പണി നോക്കണം മിസ്റ്റര്‍’ എന്നു മാത്രമേ പറയാനുള്ളൂ.

ഈ കുറിപ്പിനു താഴെ സി.അജയനെ അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡു ചെയ്ത കാര്യം ബോക്‌സിലും അറിയിച്ചിട്ടുണ്ട്. നേരത്തെ അജയനെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ നല്‍കിയതിന്റെ പേരില്‍ മൂന്നു ജീവനക്കാര്‍ക്കെതിരെ അജയന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെട്ടിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സെക്രട്ടറിയേറ്റ് സൊസൈറ്റിയുടെ പ്രസിഡന്റാണു നിലവില്‍ അജയന്‍.