എം.ബി. രാജേഷിന്റെ തോല്‍വിയില്‍ പി.കെ. ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി; സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം

പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് പരാജയപ്പെട്ടതോടെ പാര്‍ട്ടിയില്‍ ഭിന്നത പുതിയ തലത്തിലേക്ക്. തോല്‍വിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ജില്ലയില്‍ നിന്നും പരാതി. പി.കെ ശശിയുടെ പ്രവര്‍ത്തന മേഖലയായ മണ്ണാര്‍ക്കാട് സി.പി.എം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഘടകങ്ങളാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരിക്കുന്നത്.ഡി.വൈ.എഫ്.ഐ നേതാവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഘട്ടത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പി.കെ. ശശിയുടെ തട്ടകമായ മണ്ണാര്‍ക്കാട് നിന്നാണ് ഇടതുപക്ഷം ഏറ്റവും വലിയ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. ഈ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായിരുന്നില്ലെന്നാണ് പരാതികളില്‍ ചൂണ്ടിക്കാണിക്കുന്നത്. പി.കെ ശശി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ മാറിനിന്നതായും ആരോപണമുണ്ട്.

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ ജീവനക്കാരോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമാസത്തെ അവധിയെടുക്കാന്‍ സി.പി.എം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരണബാങ്ക് ജീവനക്കാരെ പി.കെ ശശി ഇടപെട്ട് പിന്തിരിപ്പിച്ചെന്നാണ് മറ്റൊരു ആരോപണം.

പി.കെ ശശിക്കെതിരായ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എം.ബി. രാജേഷിനെതിരെ വന്‍ഭൂരിപക്ഷത്തിനാണ് വി.കെ. ശ്രീകണ്ഠന്‍ വിജയിച്ചത്.

Comments (0)
Add Comment