സിപിഐ ജില്ലാ നേതാക്കളോടു മോശമായി പെരുമാറിയ ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരാൻ സിപിഐ. പാർട്ടി എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവിന്‍റെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും യോഗത്തിലാണ് തീരുമാനം.
മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജ് മാത്രമാണ് ജില്ലാ കലക്ടറുടെ അന്വേഷണ പരിധിയിൽ വരിക. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസിനെതിരെ നടപടിയുണ്ടാവുമെന്നാണു സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ പ്രതീക്ഷ. എന്നാൽ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ വൈപ്പിനിൽ തടഞ്ഞപ്പോൾ പൊലീസ് നിഷ്‌ക്രിയരായി നിന്നുവെന്ന പരാതി അപ്പോഴും നിലനിൽക്കുകയാണ്.
സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ ജില്ലാ നേതൃത്വം കത്തു നൽകും. നടപടി ഉണ്ടായില്ലെങ്കിൽ രണ്ടാം തീയതി ചേരുന്ന എക്‌സിക്യൂട്ടീവിൽ തുടർ സമരം ചർച്ച ചെയ്യും. ആ എക്‌സിക്യൂട്ടീവിലേക്ക് സംസ്ഥാന നേതാക്കളെ ക്ഷണിക്കാനും തീരുമാനമായി.
ലാത്തിച്ചാർജും അനുബന്ധ വിഷയങ്ങളും എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്തില്ലെന്നാണ് യോഗത്തിനു ശേഷം സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞത്. ഞാറയ്ക്കൽ സിഐക്കതിരെയുള്ള പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/aNK6M90F5Hg