‘ധാര്‍ഷ്ട്യം മാറ്റണം’ മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ; മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനം യു.ഡി.എഫിന് കരുത്തായെന്നും വിലയിരുത്തല്‍

B.S. Shiju
Wednesday, June 12, 2019

സി.പി.ഐ നേതൃയോഗത്തിൽ മുഖ്യമന്ത്രിക്കും ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടിനുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്‍റെ പ്രവർത്തന ശൈലിയിൽ കാലോചിത മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യോഗം വിലയിരുത്തി. അതേസമയം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രവർത്തനം യു.ഡി.എഫിന് കരുത്ത് പകർന്നുവെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഇടതുപക്ഷത്തോടൊപ്പം നിന്ന വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുമുന്നണിക്കായില്ലെന്നും ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നുമാണ് പ്രധാനമായും വിമർശനമുയർന്നത്. സുപ്രീം കോടതി വിധി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ നടപ്പാക്കണമെന്ന് ഇന്ത്യൻ നിയമ വ്യവസ്ഥയിലോ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലോ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ നവോത്ഥാന ചിന്തകളും സ്വന്തമായി പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കവും തിരിച്ചടിയായി. ധാർഷ്ട്യം നിറഞ്ഞ ശൈലി മാറ്റാൻ മുഖ്യമന്ത്രി തയാറാവണം. പുതിയ രാഷ്ട്രീയ സമീപനവുമായി മുന്നോട്ടു പോയില്ലെങ്കിൽ വരാനിരിക്കുന്ന ആറ് ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് മുൻസിപ്പൽ തെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.

ശബരിമല വിഷയം യു.ഡി.എഫ് തന്ത്രപൂർവമായി കൈകാര്യം ചെയ്തെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രവർത്തനം യു.ഡി.എഫിന് കരുത്ത് പകർന്നുവെന്നും അഭിപ്രായമുയർന്നു. ഇത് മുൻകൂട്ടി കാണാൻ സി.പി.എമ്മിനും ഇടതുമുന്നണിക്കുമായില്ല. ഇതിനു പുറമേ സർക്കാരും ഇടതുമുന്നണിയും നടപ്പിലാക്കിയ പരിപാടികൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും യോഗത്തിലുയർന്നു.

ലോക് സഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ  സി.പി.ഐ സ്ഥാനാർത്ഥി സി.ദിവാകരന്‍റെ തോൽവിയിലും സി.പി.എമ്മിനെതിരെ സി.പി.ഐ വിമര്‍ശനമുന്നയിച്ചു. സി ദിവാകരന് പൊതു സ്വീകാര്യതയുണ്ടായിട്ടും ഈഴവ വിഭാഗത്തിന്‍റെ വോട്ടുകൾ ലഭിച്ചില്ലെന്ന വിമർശനമാണ് നേതൃയോഗത്തിൽ ഉയർന്നത്. പലയിടത്തും സി.പി.എം പ്രവർത്തകർ വോട്ട് മറിച്ചതും പരാജയത്തിന് കാരണമായി. കോൺഗ്രസ് വോട്ട് ബി.ജെപിക്കെന്ന പഴയ സിദ്ധാന്തം ശരിയായ വീക്ഷണമായിരുന്നില്ല. തെരെഞ്ഞെടുപ്പ് ഘട്ടത്തിൽ സംസ്ഥാനത്തുണ്ടായ ന്യൂനപക്ഷ ഏകീകരണം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞുവെന്നും പൊതു വിലയിരുത്തലുണ്ടായി.

സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയാറാവണം. കാലവും ചരിത്രവും മാറിയിട്ടും കാലത്തിന്‍റെ ചുവരെഴുത്തുകൾ വായിക്കാൻ സി.പി.എം തയാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. സി.പി.എം പ്രവർത്തന ശൈലി മാറ്റാൻ തയാറായില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലുമെന്ന പോലെ കേരളത്തിലും അവർക്ക് തിരിച്ചടി ഉണ്ടാവുമെന്നും വിമർശനമുയർന്നു. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകങ്ങൾ ഇടതുമുന്നണിക്കെതിരായ വിധിയെഴുത്തായി മാറി. വിഷയം രാഷ്ട്രീയ ആയുധമാക്കി തെരെഞ്ഞെടുപ്പിൽ മുന്നേറാൻ കോൺഗ്രസിനും യു.ഡി.എഫിനുമായെന്നും അംഗങ്ങൾ വിമർശനമുയർത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗം നാളെ അവസാനിക്കും.