പിആർഡി പരസ്യത്തില്‍ സിപിഐ എംഎല്‍എയുടെ പേരില്ല; വൈക്കത്ത് ‘പരസ്യ’ പോര്

Jaihind Webdesk
Sunday, April 2, 2023

 

കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്‍റെ പരസ്യത്തിൽ വൈക്കം എംഎൽഎ സി കെ ആശയുടെ പേര് വെക്കാത്തതിൽ സിപിഐക്ക് അതൃപ്തി. വിഷയത്തിൽ തങ്ങൾക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐ രംഗത്തെത്തി. വിഷയത്തില്‍ പാർട്ടിക്ക് പരാതി ഉണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പറഞ്ഞു. പരാതി പിആർഡി പരിശോധിക്കട്ടെ എന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു.

തങ്ങളുടെ പരാതി സർക്കാരിനെ അറിയിച്ചിട്ടുണ്ടന്നും തെറ്റ് ആര് കാണിച്ചാലും അത് തിരുത്തേണ്ടതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പറഞ്ഞു. പിആർഡി നടപടി അംഗീകരിക്കാൻ കഴിയില്ല. പരസ്യത്തിൽ സി.കെ ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നു. സർക്കാരിനെ പരാതി അറിയിച്ചിട്ടുണ്ട്. പരിപാടിയിൽ എംഎൽഎയ്ക്ക് അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് അഭിപ്രായമില്ല. എന്നാല്‍ പിആർഡി തെറ്റ് തിരുത്തിയേ മതിയാകൂ. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതല്ല തെറ്റ് ഉണ്ടെങ്കിൽ തിരുത്തണം – വി.ബി ബിനു വ്യക്തമാക്കി.

ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സർക്കാരിന്‍റെ വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന് പിന്നാലെയാണ് സി.കെ ആശ എംഎൽഎയെ സംസ്ഥാന സർക്കാർ തഴഞ്ഞു എന്നാരോപിച്ച് സിപിഐ പ്രവർത്തകർ രംഗത്തെത്തിയത്. അതേസമയം പിആർഡിയുടെ ഭാഗത്താണ് തെറ്റെന്ന് ചൂണ്ടിക്കാട്ടി സി.കെ ആശ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

അതേസമയം സംഭവത്തിൽ എംഎൽഎയുടെ ഭാഗത്തുനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ സിപിഐക്ക് പരാതിയുണ്ടെങ്കിൽ പിആർഡി പരിശോധിക്കട്ടെ എന്നും സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. ചരിത്ര പ്രസിദ്ധമായ സമരത്തിന്‍റെ ശതാബ്ദി ആഘോഷ പരിപാടിയുടെ അധ്യക്ഷസ്ഥാനം വൈക്കം എംഎൽഎ സി.കെ ആശയ്ക്ക് നൽകാതെ മന്ത്രി വി.എൻ വാസവന് നൽകിയതിൽ സിപിഐ പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു. ഈ എതിർപ്പ് നിലനിൽക്കവെയാണ് പിആർഡി പുറത്തിറക്കിയ ആഘോഷ പരിപാടികളുടെ പരസ്യത്തിലും ആശയുടെ പേര് ഇല്ലാതിരുന്നത്. ഇതോടെ സിപിഐയെ സർക്കാർ തീർത്തും അവഗണിക്കുവെന്നാണ് സിപിഐ പ്രവർത്തകരുടെ പരാതി. തർക്കം രൂക്ഷമായതോടെ പിആർഡിയുടെ മേൽ പഴിചാർത്തി തടിയൂരാനാണ് ശ്രമം.