സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ; ദേശീയ ശരാശരിയും മറികടന്ന് കേരളം

Jaihind News Bureau
Tuesday, September 22, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന കണക്കുകളിൽ കേരളത്തിന്‍റെ നില അതീവ ഗുരുതരമെന്നാണ് കഴിഞ്ഞ മൂന്നാഴ്ചകളിലെ റിപ്പോർട്ടുകൾ തെളയിക്കുന്നത്. പത്ത് ലക്ഷം പേരിലെ കണക്കെടുമ്പോള്‍ കൊവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7 ആണ്. കേരളത്തിൽ ദേശീയ ശരാശരി മറികടന്ന് ഇത് 9.1 ശതമാനമായി ഉയർന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിൽ എത്തിയത് ആശങ്ക ഉളവാക്കുന്നതാണ്. നാലര മാസം കൊണ്ട് അഞ്ചര ഇരട്ടിയോളമാണ് വർധനവ്. നിലവിൽ പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

ദശലക്ഷം പേരിലെ രോഗബാധയിലും കേരളം മുന്നിലാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികൾ എന്ന നിലയിലായി. 12 മുതൽ 19 വരെയുള്ള ആഴ്ചയിൽ ഇത് 111 ലേക്ക് ഉയർന്നു. ദശലക്ഷം പേരിൽ 245 പുതിയ രോഗികളുമായി ദില്ലിയും 191 രോഗികളുമായി മഹാരാഷ്ട്രയുമാണ് ഏറ്റവും മുന്നിൽ ഉള്ള സംസ്ഥാനങ്ങൾ.

ഒക്ടോബറിൽ സംസ്ഥാനത്ത് പ്രതിദിനം 10,000 രോഗികൾ വരെ ഉണ്ടായേക്കാം എന്നായിരുന്നു കണക്ക് കൂട്ടലുകൾ എങ്കിലും നിലവിലെ പരിശോധനകളുടെ തോത് അനുസരിച്ചു 7,000 വരെ രോഗികളെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നവംബറിലും അതേ തോതിൽ രോഗികൾ ഉണ്ടായേക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഓരോ ദിവസത്തേയും പ്രതിദിന കണക്കുകളിലെ വർധന ആശങ്കാജനകമാണ്.