കൊല്ലത്ത് മെയ്ദിന റാലിയും തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങളും ഒഴിവാക്കാന്‍ തീരുമാനം

കൊല്ലം : കൊല്ലത്ത് മെയ്ദിന റാലിയും തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങളും ഒഴിവാക്കാന്‍ സർവകക്ഷി യോഗത്തില്‍  തീരുമാനം.  അതിരൂക്ഷ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെയ് 1 മുതൽ 9 വരെ യാതൊരുവിധ ആഘാഷങ്ങളും ആൾക്കൂട്ടങ്ങളും വേണ്ടെന്നാണ് ജില്ലാ കളക്ടർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചത്.  കൊവിഡ് പശ്ചത്തലത്തിൽ ഓൺലൈനായിട്ടാണ് യോഗം നടന്നത്.

വോട്ടെണ്ണലിനോടനുബന്ധിച്ച്  മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചു. എല്ലാ കൗണ്ടിംഗ് ഏജന്‍റുമാരും വോട്ടെണ്ണല്‍ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുവാനും തീരുമാനിച്ചു. വോട്ടെണ്ണല്‍ ദിവസം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൗണ്ടിംഗ് ഹാളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Comments (0)
Add Comment