പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് ഭക്ഷണമാവശ്യപ്പെട്ടതിന് പൊലീസിന്‍റെ ശകാരം; മണ്ണന്തല ചെഞ്ചേരി സ്വദേശികള്‍ പരാതി നല്‍കി

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിന് പൊലീസ് ശകാരം. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി ലക്ഷം വീട് കോളനിയിലെ താമസക്കാരാണ് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രംഗത്തെത്തിയത്.

ഭക്ഷണമാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാവിന്‍റെ  ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് പ്രദേശവാസികള്‍ വിളിച്ചത്. ഇതേ തുടര്‍ന്ന് പലവ്യഞ്ജനവും പച്ചക്കറികളും അടങ്ങുന്ന കിറ്റുകള്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. എന്നാല്‍ തൊട്ടടുത്ത ദിവസം ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കിയപ്പോള്‍ പ്രദേശവാസികള്‍ ഇവ സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. പൊലീകാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്.

ഭക്ഷണമില്ലെന്ന് കള്ളം പറയുകയാണെന്നും റേഷന്‍ ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാല്‍ പോരെയെന്നും മണ്ണന്തല സ്റ്റേഷനില്‍ നിന്നും പൊലീസുകാരെത്തി ഭീഷണിപ്പെടുത്തുകയായിരുവെന്ന് ഇവര്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ഇവര്‍ ആരോപണവുമായി രംഗത്തെത്തി.

 

Comments (0)
Add Comment