കൊവിഡ് 19 : ഡിജിപി ഋഷിരാജ് സിംഗിന്‍റെ സർക്കുലർ തിരുത്തി അഭ്യന്തര വകുപ്പ്; പുതിയ റിമാൻഡ് തടവുകാർക്ക് ജയിൽ വകുപ്പ് തന്നെ ക്വാറന്‍റീൻ സൗകര്യം ഒരുക്കണം

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന റിമാൻഡ് പ്രതികൾക്ക് മാത്രം ജയിലിൽ പ്രവേശനം നൽകിയാൽ മതി എന്ന ഡിജിപി ഋഷിരാജ് സിംഗിന്‍റെ സർക്കുലർ അഭ്യന്തര വകുപ്പ് തിരുത്തി. പുതിയ റിമാൻഡ് തടവുകാർക്ക് ജയിൽ വകുപ്പ് തന്നെ ക്വാറന്‍റീൻ സൗകര്യം ഒരുക്കണം എന്നാണ് സർക്കാർ നിർദേശം.

ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ സർക്കുലർ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതികളുടെ ആരോഗ്യ പരിശോധന നടത്തി ജയിലിൽ എത്തിക്കാനുള്ള ചുമതല പോലീസിനാണ്. എന്നാൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും സമ്പർക്ക പട്ടികയിൽ പെടാത്തവർക്കും കൊവിഡ് പരിശോധന നടത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് നിലപാട് എടുത്തു. ഇതോടെ പോലീസുകാർ വെട്ടിലായി.

ചില സ്ഥലങ്ങളിൽ സാമ്പിൾ ശേഖരിച്ചെങ്കിലും ഫലം വരുന്നത് വരെ പ്രതികളെ എവിടെ താമസിപ്പിക്കും എന്നതും പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ജയിൽ ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തിയത്. ഇതനുസരിച്ച് ജയിലിൽ പ്രവേശിപ്പിക്കാൻ കൊവിഡ് പരിശോധന നടത്തേണ്ടതില്ല. രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചാൽ മതി. പ്രതികളെ ജയിലിൽ തന്നെ നിരീക്ഷണത്തിലാക്കണം. പുതിയ തടവുകാരെ പ്രവേശിപ്പിക്കാൻ 11 ജയിലുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ജയിലിൽ പ്രവേശിപ്പിക്കുന്ന പ്രതികളെ അവിടെ വച്ച് തന്നെ കൊവിഡ് പരിശോധന നടത്തും. ഫലം നെഗറ്റീവ് ആണെങ്കിൽ ബന്ധപ്പെട്ട ജയിലിലേക്കും പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കും മാറ്റും. പരോളും ഇടക്കാല ജാമ്യവും പൂർത്തിയാക്കി തടവുകാർ മടങ്ങി എത്തുമ്പോഴും ഇതേ നടപടി ക്രമങ്ങൾ പാലിക്കണം എന്നാണ് നിർദേശം.

Comments (0)
Add Comment