സംസ്ഥാനം വീണ്ടും കൊവിഡ് ആശങ്കയില്‍; പ്രതിദിന കേസുകളില്‍ ഇരട്ടിയോളം വർധന; ഒമിക്രോണ്‍ കേസുകളും ഉയരുന്നു

Thursday, January 6, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആശങ്ക. പ്രതിദിന കേസുകളില്‍ ഇരട്ടിയോളം വർധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഒമിക്രോണ്‍ കേസുകളും ഉയരുന്നതിനാല്‍  സമൂഹവ്യാപന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടിവന്നേക്കും.

കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്ന സാഹചര്യമുണ്ടായിരുന്നു.  ശരാശരി 2,500 ആയിരുന്നു പ്രതിദിന രോഗബാധ. ടിപിആർ 3.75 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വർധനവാണ് ഉണ്ടായത്.  24 മണിക്കൂറിനിടെ മാത്രം 4,801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.   ടിപിആർ 6.75 ശതമാനം ആയി കുത്തനെ ഉയരുകയും ചെയ്തു.

അതിനിടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 230 ആയി. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്ന് ആലോചിക്കാനാണ് സർക്കാർ തീരുമാനം.