സംസ്ഥാനത്തെ ബാറുകൾ പൂട്ടില്ല; ക്രമീകരണം ഏർപ്പെടുത്തും,’ടേബിളുകൾ അകത്തിയിടണം’

Jaihind News Bureau
Wednesday, March 18, 2020

തിരുവനന്തപുരം: കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടില്ല. പകരം ക്രമീകരണം ഏർപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ടേബിളുകൾ അകത്തിയിടണമെന്നും അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. പ്രതിപക്ഷവും ഐ എം എ യും മദ്യവിരുദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും ബാറുകൾ അടയ്ക്കേണ്ടന്നാണ് സർക്കാർ തീരുമാനം.  മദ്യ വിൽപ്പനശാലകളിൽ കൂടുതൽ കൗണ്ടറുകള്‍ ഏർപ്പെടുത്തുമെന്നും ക്യൂ നിൽക്കുന്നവർ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.

എന്നാൽ ജീവനക്കാരുടെ കുറവും ബില്ലിങ് മെഷിൻ ലഭ്യമാക്കാനുള്ള കാലതാമസവും ഈ ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കുന്നതിന് തടസ്സമാണ്. രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അടച്ചിട്ട മുറിയിൽ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നത് രോഗം വ്യാപിക്കാൻ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമായതിനാൽ മദ്യശാലകൾ ഉടൻ പൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സർക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കോവിഡ് 19 ജാഗ്രത നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ഷാപ്പുകളുടെ പരസ്യവിൽപ്പന. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ലേലം നടക്കുന്നത്. മലപ്പുറത്ത് കളക്ടറുടെ അധ്യക്ഷതയിലാണ് ലേലനടപടികൾ. ജില്ലയിലെ നൂറിലധികം കള്ള് ഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന  ലേലം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.  കണ്ണൂരില്‍ സ്പോര്‍ട്സ് കൗൺസിൽ ഹാളിലാണ് ലേലം നടക്കുന്നത്. നൂറിലേറെപേർ പങ്കെടുക്കുന്നു.

teevandi enkile ennodu para