കോവിഡ്-19 : നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

Jaihind News Bureau
Friday, March 13, 2020

തിരുവനന്തപുരം : കൊവിഡ്-19 ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

അതേസമയം വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയിലുള്ള ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണ് സർക്കാരിന്‍റേതെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.

സംസ്ഥാനം കോവിഡ് ജാഗ്രതയില്‍ തുടരുന്ന സമയത്ത് സഭ സമ്മേളിക്കുന്നത് ശരിയല്ലെന്ന് കാര്യോപദേശകസമിതിയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ ചേരുന്നുണ്ടെന്നും, രാജ്യസഭയും ലോക്സഭയും തുടരുന്നുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. അതിനാല്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.  എന്നാല്‍ പ്രതിപക്ഷ വാദങ്ങള്‍ തള്ളി സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശകസമിതി തീരുമാനിക്കുകയായിരുന്നു.