പേടിസ്വപ്‌നം പോലെ കോവിഡോര്‍മ്മകള്‍… മരിച്ചാലും മറക്കാനാവാത്ത ലോക്ഡൗണ്‍ കാലം

Jaihind News Bureau
Tuesday, March 25, 2025

കോവിഡെന്ന മഹാവിപത്ത് ലോകത്തെ നിശ്ചലമാക്കിയിട്ട് ഇന്നേക്ക് 5 വര്‍ഷം. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് 2020 മാര്‍ച്ച് 24നായിരുന്നു. ഒരു കുഞ്ഞന്‍ വൈറസ് ഇന്ത്യയെന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയിട്ട് അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ തികഞ്ഞു.

21 ദിവസം അടച്ചിട്ടില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പുറകിലേക്കു പോകുമെന്നായിരുന്നു പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലായി മേയ് 31 വരെ ലോക്ഡൗണ്‍ നീട്ടി. അതിനു ശേഷവും പല സംസ്ഥാനങ്ങളിലും പല സോണുകളിലായി അതു തുടര്‍ന്നു. ലോക്ഡൗണ്‍ പ്രഖ്യാപന സമയത്ത് ഇന്ത്യയില്‍ 500 പേരായിരുന്നു കോവിഡ് ബാധിതര്‍. പക്ഷേ ഏപ്രില്‍ ആദ്യം തന്നെ അത് ആയിരങ്ങളിലേക്ക് ഉയര്‍ന്നതാണ് ലോക്ഡൗണ്‍ നീളാന്‍ കാരണമായത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം അടച്ചുപൂട്ടി. വീടുകളില്‍നിന്നു പുറത്തിറങ്ങാനോ മറ്റുള്ളവരെ കാണാനോ കഴിയാതെ ജനങ്ങള്‍ക്ക് അടച്ചിരിക്കേണ്ടിവന്നു. മറ്റു നാടുകളില്‍ ജോലി ചെയ്തിരുന്ന പലര്‍ക്കും സ്വന്തം നാട്ടിലേക്കു മടങ്ങാനായില്ല. മാസ്‌കും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയും കോവിഡും ലോക്ഡൗണുമൊക്കെ പരിചിതമായ വാക്കുകളായി.

വീടുകള്‍ ഓഫിസും ക്ലാസ്മുറിയുമൊക്കെയായി മാറി. ക്ലാസുകള്‍ ഓണ്‍ലൈനായി. വര്‍ക്ക് ഫ്രം ഹോം ഇന്ത്യക്കാര്‍ക്കു ശീലമായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം എജ്യുക്കേഷന്‍ ആപ്പുകള്‍ക്കും വലിയ പ്രചാരം ലഭിച്ചു. സ്മാര്‍ട് ഫോണ്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. സിനിമ തിയറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സമയം തെളിഞ്ഞു. മറ്റു മനുഷ്യരുമായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ താല്‍പര്യം ക്ലബ്ഹൗസ് പോലുള്ള ആപ്പുകളുടെ വളര്‍ച്ചയ്ക്കും കാരണമായി. ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്.

ചൈനയില്‍ ഏതോ വൈറസ് ബാധിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്ന വാര്‍ത്ത വായിച്ചിരുന്ന മലയാളിയുടെ ഇടയിലേക്ക് കൊറോണ വൈറസ് എത്തിയത് വളരെ പെട്ടെന്നായിരുന്നു. ഇന്ന് കൊറോണ സാധാരണ വൈറസുമായി മാറി. എങ്കിലും 2024 ല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ നമുക്കുമുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള കരുതല്‍ തുടരേണ്ടതുണ്ട്.