ഇന്‍റലിജന്‍സ് റിപ്പോർട്ടടക്കം അവഗണിച്ചു, സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വർധന; കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണപരാജയമെന്ന് ബെന്നി ബെഹനാന്‍ എം.പി

 

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണപരാജയമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വിദേശത്ത് നിന്നും വരുന്നവരാണ് രോഗത്തിന് കാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അവഗണിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ കാര്യത്തിലാണെങ്കിലും സ്വര്‍ണക്കടത്തിന്റെ കാര്യത്തിലും ഇക്കാര്യം വ്യക്തമാണ്.

തിരുവനന്തപുരത്ത് ഒരു വസ്ത്രവ്യാപാര സ്ഥാപനം കൊവിഡ് വ്യാപന കേന്ദ്രമായി മാറാന്‍ പോകുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരു നടപടിയും എടുക്കാതെ അത് അവഗണിച്ചു. അവിടെ കോവിഡ് പടര്‍ന്നതോടെ അടക്കേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിലായി 1600 ഓളം പേര്‍ ഇവിടെ നിന്ന് തുണി വാങ്ങി പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടെല്ലാം അവഗണിച്ച മുഖ്യമന്ത്രിയാണ് കേസ് വ്യാപിച്ചപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറയുന്നത്. ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് സ്വപ്നയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതും അവഗണിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.

CM Pinarayi Vijayanbenny behananCovid 19
Comments (0)
Add Comment