കോടതി നിർദ്ദേശം പിണറായിക്കേറ്റ പ്രഹരം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അർഹതയില്ല: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ : ഇ.പി.ജയരാജനടക്കമുള്ളവരുടെ പേരിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടമായെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്. സ്വയം പോലീസും കോടതിയുമൊക്കെ ചമഞ്ഞ് തീർപ്പുകൽപ്പിക്കുന്ന പിണറായി വിജയന്‍റെ കരണത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് നിയമസഭയിൽ ആവർത്തിച്ചു പറഞ്ഞയാളാണ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസ് നേതാക്കളെ കള്ളക്കഥയുണ്ടാക്കി കേസിൽ കുടുക്കി വേട്ടയാടിയ മുഖ്യമന്ത്രിക്കും സി പി എം നേതാക്കൾക്കും ഈ വിഷയത്തിൽ ഇനി എന്താണ് പൊതുസമൂഹത്തോടു പറയാനുള്ളതെന്ന മാർട്ടിന്‍ ജോര്‍ജ് ചോദിച്ചു. വിനീതവിധേയരായ ചില പോലീസുദ്യോഗസ്ഥരെ വെച്ച് രാഷ്ട്രീയ എതിരാളികളെ തകർത്തുകളയാമെന്ന വ്യാമോഹം പിണറായി വിജയനും അടിമക്കൂട്ടവും ഉപേക്ഷിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി കസേരയിലിരുന്ന് തെരുവു ഗുണ്ടയുടെ നിലവാരത്തിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി നാട്ടില്‍ നീതിന്യായ സംവിധാനങ്ങളുണ്ടെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നന്നായിരിക്കും.

വധശ്രമ കേസിൽ മുൻ എംഎൽഎ ശബരീനാഥനെയടക്കം കുടുക്കാൻ നോക്കിയ പിണറായി വിജയന് കാലം കാത്തു വെച്ച തിരിച്ചടിയാണിത്.  ഇൻഡിഗോ വിമാന കമ്പനി ഇ.പി ജയരാജന് മൂന്നാഴ്ച വിലക്കു കൽപ്പിച്ചതിന് ഇൻഡിഗോ കമ്പനിയെ ആജീവനാന്തം ബഹിഷ് കരിക്കുമെന്ന് പ്രഖ്യാപിച്ച ഇ.പി ജയരാജൻ കോടതികളെ തളളിപ്പറയില്ലെന്നാണ് കരുതുന്നതെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.

Comments (0)
Add Comment