തിരുവനന്തപുരം: കുസാറ്റ് പ്രൊഫസർനിയമനം ഇന്‍റർവ്യൂ മാർക്കിൽ അട്ടിമറി. എംജി യൂണിവേഴ്സിറ്റി പിവിസി ഡോ: സി.ടി അരവിന്ദ്കുമാറിന്‍റെ ഭാര്യ ഡോ:കെ.ഉഷയ്ക്ക് കുസാറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് ലഭിക്കാൻ ഇൻറർവ്യൂ മാർക്കിൽ അട്ടിമറി നടന്നതായുള്ള രേഖകളാണ് പുറത്തു വന്നത്. നിരവധി ഗവേഷണ പ്രവർത്തനങ്ങളും അധ്യാപന പരിചയവും അക്കാഡമിക് യോഗ്യതയുള്ളവരെയും പിന്തള്ളിയാണ് നിയമനം. ഇന്‍റർവ്യൂവിന് 20ല്‍ 19 മാർക്ക് ഡോ: ഉഷയ്ക്ക് നൽകിയാണ് ഒന്നാം റാങ്കിൽ എത്തിച്ചത്.
പിഎസ് സി ഇന്‍റർവ്യൂവിന് പരമാവധി 20 ൽ 14 മാർക്ക് നൽകാൻ വ്യവസ്ഥ ഉള്ളപ്പോഴാണ് കുസാറ്റ് 19 മാർക്ക് നൽകിയിരിക്കുന്നത്. മറ്റു സർവ്വകലാശാലകളും പിഎസ് സിയുടെ ഈ മാതൃകയാണ് പിന്തുടരുന്നത്.
അതേസമയംഏറ്റവും കൂടുതൽ അക്കാദമി യോഗ്യതയുള്ള ഡോ: സോണി.സി. ജോർജിന് 5 മാർക്കാണ് ഇന്‍റർവ്യു ബോർഡ് നൽകിയത്. കുസാറ്റിലെതന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസ്സർ ഡോ:വി. ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടവരിൽപ്പെടുന്നു. കുസാറ്റ് വൈസ് ചാൻസലർ ഡോ: കെ.എൻ.മധുസൂദനൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഡോ:ഉഷയ്ക്ക് ഒന്നാം റാങ്ക് നൽകിയത്.
കണ്ണൂർ യൂണിവേഴ്സിറ്റിയില്‍ 651 മാർക്ക് റിസേർച്ച് സ്കോർ ലഭിച്ച രണ്ടാം റാങ്ക് കാരനെ പിന്തള്ളി 156 മാർക്ക് ലഭിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകിയതിന് സമാനമായാണ്, എം.ജി പിവിസിയുടെ ഭാര്യക്ക് കുസാറ്റിൽ പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയിരിക്കുന്നത്.