സി.ഒ.ടി നസീര്‍ വധശ്രമക്കേസ്: സി.പി.എം എം.എല്‍.എക്കെതിരെ മൊഴി നല്‍കിയിട്ടും നടപടിയില്ല, പോലീസ് അന്വേഷണം പ്രഹസനം

Jaihind Webdesk
Tuesday, June 4, 2019

COT-Nazeer-1

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം മുൻ നേതാവുമായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിന്‍റെ അന്വേഷണം വഴിമുട്ടി. സംഭവത്തിൽ തലശേരിയിലെ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സി.ഒ.ടി നസീർ മൊഴി നൽകിയിരുന്നു. സി.ഒ.ടി നസീറിന്‍റെ മൊഴി വീണ്ടും എടുത്തെങ്കിലും അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നാമനെയും ഗൂഢാലോചനയിൽ പങ്കുള്ളവരെയും കണ്ടെത്താനാവാതെ ഇരുട്ടില്‍തപ്പി പൊലീസ്. തലശേരി എം.എൽ.എ എ.എൻ ഷംസീറിന് എതിരെ മൊഴി നൽകിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും സി.ഒ.ടി നസീർ ആരോപിക്കുന്നു.

തലശേരി സി.ഐയുടെ നേതൃത്തിലാണ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിന്‍റെ അന്വേഷണം നടക്കുന്നത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ അശ്വന്ത്, സോജിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തനിക്കെതിരെയുള്ള അക്രമത്തിൽ തലശേരിയിലെ സി.പി.എം യുവജന നേതാവായ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന് സി.ഒ.ടി നസീർ മൊഴി നൽകിയതോടെയാണ് അന്വേഷണം മന്ദഗതിയിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബ്രിട്ടോ എന്ന വിപിൻ, ജിത്തു എന്ന ജിതേഷ്, മിഥുൻ, റോഷൻ, ശ്രീജിൻ, എന്നിവർ പിടിയിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്തുവാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ തിരിച്ച് പോകേണ്ടതിനാൽ വിവാദത്തിന് നിന്നുകൊടുക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നാണ് സൂചന.

മൊഴി എടുക്കുമ്പോൾ തന്നോട് ജനപ്രതിനിധിയുടെ പേര് പറഞ്ഞില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്ത വന്നതിനെ തുടർന്ന് പൊലീസ് വീണ്ടും സി.ഒ.ടി നസീറിന്‍റെ മൊഴി രേഖപ്പെടുത്തി. തലശേരിയിലെ യുവജന നേതാവായ ജനപ്രതിനിധിക്ക് പങ്കുണ്ടെന്ന മൊഴി സി.ഒ.ടി നസീർ ആവർത്തിച്ചു. അന്വേഷണ ഉദ്യാഗസ്ഥരോട് രണ്ട് തവണ തലശേരിയിലെ ജനപ്രതിനിധിയുടെ പേര് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ലെന്ന് നസീർ ആരോപിച്ചിരുന്നു. പൊലീസ് ഇതേ സമീപനമാണ് തുടരുന്നതെങ്കിൽ വധശ്രമക്കേസിന്‍റെ അന്വേഷണം മറ്റ് ഏജൻസികൾക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി.ഒ.ടി നസീർ.