മന്ത്രി രാജുവിന്‍റെ കാത്തിരിപ്പ് കേന്ദ്രത്തിന് നാല് ലക്ഷം രൂപ ചെലവ് ! അഴിമതി എന്ന് ആരോപണം

Jaihind Webdesk
Monday, August 19, 2019

കൊല്ലം: നാല് ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ചെന്ന് അവകാശപ്പെടുന്ന ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഏതാനും കമ്പികള്‍ വെല്‍ഡ് ചെയ്തുണ്ടാക്കിയ ഇതിന്‍റെ ചിലവാണ് നാല് ലക്ഷം രൂപ. വനം മന്ത്രി കെ രാജുവിന്‍റെ മണ്ഡലമായ പുനലൂരില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ചതാണ് 4 ലക്ഷത്തിന്‍റെ ഈ ‘ലക്ഷ്വറി’ കാത്തിരിപ്പ് കേന്ദ്രം. എന്നാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകും അര ലക്ഷം രൂപ പോലും തികച്ച് വേണ്ടിവരില്ല ഇതിന്‍റെ നിര്‍മാണത്തിനെന്ന്. മന്ത്രിയുടെ പേര് വലുതായി വെക്കാന്‍ സ്ഥാപിച്ച ബോര്‍ഡ് പോലെയാണ് ഇതിന്‍റെ നില്‍പ്. പുനലൂരില്‍ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലാണ് അഴിമതി ആരോപണം നേരിടുന്ന ഈ കാത്തിരിപ്പ് കേന്ദ്രം.

മന്ത്രി കെ രാജുവിന്‍റെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം (ചെലവ് 4 ലക്ഷം രൂപ)

ഇതിന് തൊട്ടടുത്തായി ഏതാണ്ട് 25 മീറ്റര്‍ മാറി മറ്റൊരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. 2017-18 ല്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍റെ എം.പി ഫണ്ട് വിനിയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്നതാണ് ഈ കാത്തിരിപ്പ് കേന്ദ്രം. പൂര്‍ണമായും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് തറ ടൈല്‍സ് പാകി മനോഹരമാക്കിയ ഇതിന്‍റെ നിര്‍മാണച്ചെലവ് 3 ലക്ഷം രൂപ മാത്രമാണ്. ഇതിനെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമാണുള്ളത്.

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ ചെലവില്‍ നിർമിച്ച കാത്തിരിപ്പ് കേന്ദ്രം

ഇതോടെ വനംമന്ത്രി കെ രാജുവിന്‍റെ എം.എല്‍.എ ഫണ്ട് വിനിയോഗത്തില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ വകമാറ്റിയെന്ന് നാട്ടുകാരും ആരോപിക്കുന്നു. രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ മെംബറുമായ അഡ്വ. എസ്.ഇ സഞ്ജയ് ഖാനും രംഗത്തെത്തി. വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഞ്ജയ് ഖാന്‍ ചെയ്ത ഫേസ് ബുക്ക് ലൈവ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഴിമതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സഞ്ജയ് ഖാന്‍ വ്യക്തമാക്കി.