ചൈനയിലെ കുന്മിങ്ങിൽ കുടുങ്ങിയ 15 മലയാളി വിദ്യാർഥികളെ കേരളത്തിലെത്തിച്ചു. ബാങ്കോക്ക് വഴി പ്രത്യേക വിമാനത്തിലാണ് ഇവരെ കൊച്ചി നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിച്ചത്. ചൈനയിൽ നിന്നും എത്തിയതിനാൽ വിദ്യാർഥികളെ കൂടുതൽ പരിശോധനക്കായി കൊച്ചി കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി.
രാത്രി 11മണിയോടെയാണ് വിദ്യാർഥികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഇവരെ ആംബുലൻസിൽ അതീവ ജാഗ്രതയോടെ രാത്രിയിൽ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർഥികളുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ കേന്ദ്ര സർക്കാരാണ് വിദ്യാർത്ഥികൾക്ക് നാട്ടിലെത്താനാവശ്യമായ ഇടപെടൽ നടത്തിയത്. കോറോണ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾ ബുക്ക് ചെയ്ത സിംഗപ്പൂർ വഴിയുള്ള വിമാനടിക്കറ്റുകൾ അസാധുവാക്കുകയും മറ്റ് എയർലൈൻസുകൾ യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് വിദ്യാർഥികൾ ദുരിതത്തിൽ അകപ്പെട്ടത്.
വിമാനയാത്ര അസാധ്യമാണെന്നു ചൈനീസ് അധികൃതർ ആവർത്തിച്ചതോടെ 14 പെൺകുട്ടികളുൾപ്പെടെ വിമാനത്താവള പരിസരത്തെ കടയിലാണ് അഭയം കണ്ടെത്തിയിരുന്നത്. ചൈനയിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത വിമാനകമ്പനി തന്നെ ഒടുവിൽ വിദ്യാർഥികൾക്ക് യാത്രാസൌകര്യം നൽകാൻ തയ്യാറാവുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെ കൂടുതൽ പരിശോധനക്ക് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ വീടുകളിലേക്ക് തിരിച്ചയക്കാനാണ് മെഡിക്കൽ സംഘത്തിന്റെ തീരുമാനം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ മാധ്യമങ്ങൾക്കടക്കം കർശന നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്.