സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റേതായി പുറത്തുവന്ന ശബ്ദരേഖയിൽ ദുരൂഹത

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റേതായി പുറത്തുവന്ന ശബ്ദരേഖയിൽ ദുരൂഹത. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തില്‍ പൊലീസിലും അവ്യക്തത. ശബ്ദരേഖ തന്‍റേതാണെന്ന് സ്വപ്ന പറഞ്ഞ സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പേരിൽ പുറത്ത് വന്ന ശബ്ദസന്ദേശം തൻറേതെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശബ്ദസന്ദേശം പുറത്തായത് എങ്ങനെയെന്ന് കണ്ടെത്താൻ ജയിൽ മേധാവി ഡിജിപിയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. അതേസമയം അന്വേഷണം വഴിതെറ്റിക്കാൻ ശബ്ദ സന്ദേശം പുറത്തുവിട്ടുവെന്നാണ് ഇഡിയുടെ സംശയം.
ജയിൽ വകുപ്പിൻ്റെ പരാതിയിൽ ആലോചന തുടരുകയാണ്. ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പരിശോധിക്കുന്നത്.

ശബ്ദം തന്‍റേതെന്ന് പറയുമ്പോഴും എവിടെവെച്ച് റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന വ്യക്തമാക്കുന്നില്ല എന്നത് സംശയങ്ങൾ കൂട്ടുന്നു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത് ഒക്ടോബർ 14-ന്. കൊഫെപോസ തടവുകാരിയായതിനാൽ ഇതുവരെ ജയിലിൽ നിന്നും അവർ പുറത്തുപോയിട്ടില്ല. ഇതുവരെ സന്ദർശിച്ചത് ബന്ധുക്കൾ മാത്രമാണെന്നാണ് ജയിൽ ഡിജിപിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്തെന്നോ എങ്ങിനെയാണ് അതു പുറത്ത് പോയതെന്നോ അറിയില്ലെന്നതും സംഭവത്തിലെ ദുരൂഹത ഏറ്റുന്നു.

Comments (0)
Add Comment