മുഖ്യമന്ത്രിയുടെ പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ മ്യൂസിക് സിസ്റ്റം: ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണം തുടങ്ങി; ചെലവ് 42.9 ലക്ഷം രൂപ

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തി‍ന്‍റെ നിർമ്മാണം ആരംഭിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും അര കോടിയോളം രൂപയാണ് കാലിത്തൊഴുത്ത് നിർമ്മാണത്തിനും ചുറ്റുമതില്‍ നവീകരണത്തിനുമായി ചെലവഴിക്കുന്നത്.

ബാലരാമപുരം സ്വദേശിക്കാണ് നിർമ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിർദേശം നല്‍കിയിരിക്കുന്നത്. 42.90 ലക്ഷം രൂപ ചെലവഴിച്ചാണ് തൊഴുത്ത് നിർമാണം. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. പശുക്കൾക്ക് പാട്ട് കേൾക്കാനായി മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും. നിലവിലുള്ള അഞ്ച് പശുക്കള്‍ക്ക് പുറമെ ആറ് പശുക്കളെ കൂടി വാങ്ങുന്നുണ്ട്. ഇതിനായാണ് 800 ചതുരശ്രയടിയിൽ പുതിയ തൊഴുത്ത് നിർമ്മിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. തുടർ ഭരണം ലഭിച്ചതിനുശേഷം ക്ലിഫ് ഹൗസിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്റ്റാഫുകൾക്ക് താമസത്തിനായി മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് 98 ലക്ഷം രൂപയ്ക്കായിരുന്നു.

Comments (0)
Add Comment