ഒറ്റ മഴയില്‍ വെള്ളക്കെട്ട്, കുണ്ടും കുഴിയുമായി റോഡുകള്‍… കേരളീയത്തിന് ചിലവാക്കുന്നതിന്‍റെ പകുതി പണം മതി! സർക്കാർ അനാസ്ഥക്കെതിരെ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Monday, November 6, 2023

 

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തീരദേശത്തോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രത്യക്ഷ സമരപരിപാടി ആരംഭിച്ചു. സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ്ണ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

ചെറു മഴയിൽപ്പോലും വെള്ളക്കെട്ടിലാകുന്ന തലസ്ഥാന നഗരത്തിന്‍റെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതർ ഇടപെടണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നിരിക്കുന്നത്. ഇതിനുപുറമെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തീരദേശത്തോടുള്ള അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ജനകീയ വിഷയങ്ങളും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി
പ്രത്യക്ഷ സമരപരിപാടിയിലൂടെ ഉയർത്തിക്കാട്ടുന്നു.

കേരളീയത്തിന് ചിലവഴിക്കുന്ന പണത്തിന്‍റെ പകുതി ഉണ്ടെങ്കിൽ തലസ്ഥാന നഗരത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയുമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളീയത്തിന് ചിലവഴിച്ചിരിക്കുന്ന തുക ആർക്കാണ് പോയതെന്ന് ഉടൻ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പദയാത്രകൾ ഉൾപ്പെടെയുള്ള തുടർ സമരപരിപാടികൾ നടത്തുവാനാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്.