മധ്യപ്രദേശില്‍ ബിജെപി കോട്ടകളെ ഞെട്ടിച്ച് കോണ്‍ഗ്രസ്; ഗ്വാളിയോറും പിടിച്ചു, 57 വർഷങ്ങള്‍ക്ക് ശേഷം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുടെ ഉരുക്കുകോട്ടകളെ വിറപ്പിച്ച് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു. ചിന്ദ്വാരയ്ക്ക് പിന്നാലെ ഗ്വാളിയോറും കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ജബല്‍പൂര്‍ കോർപറേഷനും ഇനി കോണ്‍ഗ്രസ് ഭരിക്കും.

ചിന്ദ്വാര കോർപ്പറേഷൻ രൂപീകരിച്ച 2014 ൽ ബിജെപി വിജയിച്ച മേയർ സ്ഥാനമാണ് ആദിവാസി നേതാവ് വിക്രം അഹക്യേയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 18 വർഷത്തിന് ശേഷമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിന്ദ്വാരയിൽ ജയിക്കുന്നത്. ചമ്പൽ – ഗ്വാളിയോർ മേഖലയിലെ പ്രധാന നഗരമായ ഗ്വാളിയോറിലെ മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം 57 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരികെ പിടിക്കുന്നത്. 1965 ൽ കോൺഗ്രസിന് നഷ്ടപ്പെട്ട മേയർ സ്ഥാനമാണ് ശോഭസിക്കർവാറിലൂടെ പാർട്ടി തിരികെ പിടിച്ചത്. ജോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് ശേഷമുള്ള ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചമ്പൽ – ഗ്വാളിയോർ മേഖലയിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം ബിജെപി കേന്ദ്രങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ജബല്‍പൂർ കോർപ്പറേഷനിലും കോണ്‍ഗ്രസ് വിജയിച്ചു.

ജൂലൈ 6 ന് മധ്യപ്രദേശിൽ 11 മുനിസിപ്പൽ കോർപ്പറേഷൻ, 36 നഗരസഭകൾ, 86 നഗർ പരിഷത്തുകൾ എന്നിവടങ്ങളിലേക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. 61 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ, സാഗർ, സത്‌ന, സിംഗ്രോളി, ചിന്ദ്വാര, ഖണ്ട്‌വ, ബുർഹാൻപൂർ, ഉജ്ജയിൻ എന്നിവയുൾപ്പെടെ 11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് മേയർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. 16 നഗർ പാലിക നിഗം, 99 നഗർ പാലിക പരിഷത്ത്, 298 നഗർ പരിഷത്ത് എന്നിവയുൾപ്പെടെ 413 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്. ജൂലൈ 20നാണ് രണ്ടാം ഘട്ട വോട്ടെണ്ണൽ.

 

 

Comments (0)
Add Comment