കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരും: ശശി തരൂര്‍

Sunday, January 20, 2019

കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അതിവേഗത്തില്‍ മുന്നേറുകയാണെന്നും ബി.ജെ.പി സർക്കാർ പൂര്‍ണ പരാജയമാണെന്നും ശശി തരൂർ എം.പി പറഞ്ഞു.

എത്ര സീറ്റുകൾ നേടി കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ല. നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തയാറാണ്. നിലവിൽ ബി.ജെ.പിക്ക് സഖ്യകക്ഷികളില്ലാത്ത അവസ്ഥയാണ്. 2014ൽ ഒപ്പമുണ്ടായിരുന്ന പല സഖ്യ കക്ഷികളും ഇപ്പോൾ എൻ.ഡി.എ വിട്ടു.രാജ്യമെങ്ങും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും തരൂർ പറഞ്ഞു.

2014 ൽ നേടിയ വിജയം ഇത്തവണ ബി.ജെ.പിക്ക് ആവർത്തിക്കാനാവില്ല. കേന്ദ്ര സർക്കാർ എല്ലാ മേഖലകളിലും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ ബി.ജെ.പിയുടെ സീറ്റ് പകുതിയായി കുറയുമെന്നും തരൂർ പറഞ്ഞു. അച്ചേ ദിൻ വാഗാദാനം ചെയ്ത് അധികാരത്തിലെത്തിയവർക്ക് 5 വർഷത്തിനിടെ രാജ്യത്ത് ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല. ജനജീവിതം ദുസഹമാക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. അതുകൊണ്ടുതന്നെ ബി.ജെ.പി രണ്ടാമതൊരു അവസരം അർഹിക്കുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. മികച്ച വിജയം നേടി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും തരൂർ കൊൽക്കത്തയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.