ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടും; വിഡി സതീശന്‍

Jaihind Webdesk
Tuesday, August 8, 2023

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്, ഈ സർക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങൾ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടും.
സർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഒന്നു കൂടി തുറന്നു കാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഉപതെരഞ്ഞെടുപ്പിനെ മാറ്റും. വിജയിക്കാൻ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി സംസ്ഥാന കേന്ദ്ര സർക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദാഹം മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണിക്കൂറുകൾക്കുള്ളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് എത്ര മണിക്കൂറാണ് എന്ന പ്രശ്നം മാത്രമെയുള്ളൂ. ഇന്നു തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ആശയപരമായും രാഷ്ട്രീയമായും തെരഞ്ഞെടുപ്പിനെ നേരിടും. പൂർണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കരയിലേതു പോലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിന്ന് വിജയം നേടുമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.