കൊച്ചി: വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കോതമംഗലം ഗാന്ധി സ്‌ക്വയറിൽ എംഎൽഎമാർ നടത്തുന്ന ഉപവാസ സമരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കാളിയാകും. മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി എന്നീ എംഎൽഎമാരാണ് ഉപവാസമിരിക്കുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും രാത്രി തന്നെ സ്ഥലത്തെത്തി. എറണാകുളം ജില്ലയിൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്.
കഴിഞ്ഞ ദിവസം അസാധാരണ നീക്കത്തിലൂടെ പോലീസ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെയും ഉള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത് ശക്തമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. പിന്നീട് പുലർച്ചെ രണ്ടരയോടെ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിനു നീതി ഉറപ്പിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം ഉപവാസ സമരം തുടങ്ങിയത്.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ (70) സംസ്കാരം ഇന്ന് നടക്കും. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നേര്യമംഗലത്തും കോതമംഗലത്തും കൂടുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അറസ്റ്റ് ചെയ്ത് . പ്രവർത്തകർ പ്രതിഷേധിച്ചതോടെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധം സംസ്ഥാനവ്യാപകമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.