വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Monday, April 22, 2024

പ്രധാനമന്ത്രിയുടെ ഹിന്ദു- മുസ്‌ലിം വിവാദ പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ്. കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറിയവര്‍ക്കും കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സ്വത്ത് നല്‍കുമെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് വിവാദത്തില്‍ എത്തിനില്‍ക്കുന്നത്.  രാജ്യത്തെ സമ്പത്തിന്‍റെ പ്രധാന അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മുന്‍പ് ഭരിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്, രാജ്യത്തിന്‍റെ സമ്പത്ത് കൂടുതല്‍ മക്കളുള്ളവര്‍ക്ക് നല്‍കണോ എന്ന മോദിയുടെ ചോദ്യമാണ് ഇപ്പോള്‍ വിവാദത്തിലായത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് സമ്പത്ത് നല്‍കേണ്ടതുണ്ടോയെന്നും അദ്ദേഹം ഉന്നയിച്ചു. സ്ത്രീകളുടെ താലിയും സ്വര്‍ണവും തട്ടിയെടുത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

മോദിയുടെ മുസ്‌ലിം വിരുദ്ധത എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശം ശക്തമാണ്. രാജസ്ഥാനില്‍ മോദി നടത്തിയത് വിദ്വേഷപ്രസംഗമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിദ്വേഷപ്രസംഗം നടത്തി ജനശ്രദ്ധ തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അതേസമയം ബിജെപിക്ക് നിരാശയെന്നും മോദി നുണകളുടെ നിലവാരം ഇടിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.  കോണ്‍ഗ്രസിന്‍റെ ‘വിപ്ലവകരമായ പ്രകടനപത്രിക’യ്ക്ക് ലഭിക്കുന്ന അപാരമായ പിന്തുണയെക്കുറിച്ചുള്ള ട്രെന്‍ഡുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പുറത്താണ് വോട്ടു ചെയ്യുന്നത്. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുന്നത്.  ഇന്ത്യയ്ക്ക് വഴിതെറ്റില്ലെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.