‘രാജ്യത്തിന്‍റെ മതേതരത്വത്തെ പ്രധാനമന്ത്രി അപമാനിക്കുന്നു’ : മോദിക്ക് കോണ്‍ഗ്രസിന്‍റെ മറുപടി

Tuesday, April 2, 2019

Narendra Modi Rahul Gandhi

അമേത്തിക്ക് പുറമേ വയനാട് സീറ്റിൽ കൂടി മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോൺഗ്രസ്. ഹിന്ദുക്കളെ നേരിടാൻ ഭയന്ന് രാഹുൽ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രസ്താവനയിലൂടെ നരേന്ദ്രമോദി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യയുടെ മതേതരത്വത്തേയും നാനത്വത്തേയും മോദി അപമാനിക്കുകയാണ്. ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാടെന്ന് മോദിക്ക് അറിയാമോ ? ആദിവാസികളുടെ നാടാണ് വയനാട്, കർഷകരുടെ നാടാണ് വയനാട്. ഇതെല്ലാം മോദിക്കോ ബി.ജെ.പിക്കോ അറിയുമോയെന്നുംകോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ചോദിച്ചു.

വയനാട്ടിൽ കൂടി മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ഒളിച്ചോട്ടമായി ബി.ജെ.പി വിശേഷിപ്പിക്കുമ്പോൾ അത് ഇന്ത്യയുടെ നാനാത്വത്തിനെതിരായ ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് സുര്‍ജെവാല പറഞ്ഞു. ഹിന്ദുകളിൽ നിന്നും ഒളിച്ചോടി ന്യൂനപക്ഷങ്ങൾ കൂടുതലുള്ള വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിനെ ഉത്തരേന്ത്യയിലെ ഹൈന്ദവവോട്ടുകൾ ലക്ഷ്യമിട്ടാണ് ബി.ജെ.പി വിമർശിക്കുന്നത്. എന്നാൽ ജാതി, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് എൻ.ഡി.എ സർക്കാരെന്നും രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നതിനെ ബി.ജെ.പി എതിർക്കുന്നതിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കർഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് മത്സരിക്കാൻ തെരഞ്ഞെടുക്കുക വഴി ആ വിഭാഗത്തോടുള്ള കോൺഗ്രസിന്‍റെ താത്പര്യം കൂടിയാണ് തെളിയിക്കപ്പെടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.