മുഖ്യമന്ത്രിയുടെ ഉപദേശം കോൺഗ്രസിന് ആവശ്യമില്ല : കെ.സി ജോസഫ്

Jaihind News Bureau
Monday, December 30, 2019

യോജിച്ച സമരത്തിന്‍റെ പേരിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ചും പ്രതിപക്ഷ നേതാവിനെ പിന്തുണച്ചും മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ, യോജിച്ച നീക്കങ്ങൾക്ക് സഹായകമല്ലെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫ്.

രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ കോൺഗ്രസിനോ യു.ഡി.എഫിനോ മുഖ്യന്ത്രിയുടെയോ സി.പി.എമ്മിന്‍റെയോ ഒരു ഉപദേശവും ആവശ്യമില്ല. പ്രതിപക്ഷ നേതാവ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ അറിവോടുകൂടി തന്നെയാണെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

തങ്ങൾക്ക് ഇഷ്ടമല്ലാത്ത അഭിപ്രായം പറയുന്നവരെ കടന്നാക്രമിക്കുന്ന സി.പി.എം ശൈലിയുടെ അവസാനത്തെ രൂപമാണ് ജാമിയ മില്ലിയയിലെ വിദ്യാർഥിനിയായ അയിഷ റെന്നയുടെ നേരെ സി.പി.എം പ്രവർത്തകർ നടത്തിയ ആക്രോശം. പ്രതിഷേധം അതിരുവിട്ടാൽ നടപടിയെന്നു പറയുന്ന മുഖ്യമന്ത്രി സ്വന്തം അണികളെ നിയന്ത്രിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്നും കെ.സി ജോസഫ് പറഞ്ഞു.