‘കഫെ കോഫി ഡേയുടെ തകര്‍ച്ച രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിന്‍റെ ഫലമോ? സാമ്പത്തിക മാന്ദ്യം കടന്നെത്തിയോ ?’ : കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

Tuesday, July 30, 2019

കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാർത്ഥയുടെ തിരോധാനം വിരല്‍ ചൂണ്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലെ പാളിച്ചയിലേക്കാണോ എന്ന ചോദ്യമുയർത്തി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സഞ്ജയ് നിരുപം.

കഴിഞ്ഞ 20 വര്‍ഷങ്ങളായി വിജയഗാഥ രചിച്ച കഫെ കോഫി ഡേയുടെ പെട്ടെന്നുള്ള തകർച്ച അവിശ്വസനീയമാണ്. ഇത് നിരവധി കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിജയകഥകള്‍ മാത്രം പറഞ്ഞിരുന്ന കഫെ കോഫി ഡേയുടെ ഉടമ സിദ്ധാര്‍ത്ഥ് പെട്ടെന്നൊരുദിവസം താന്‍ പരാജയപ്പെട്ട സംരംഭകനാണെന്ന് പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുന്നു. രാജ്യത്തിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളാണോ, മാര്‍ക്കറ്റ് ശക്തികളാണോ, വിപണിയിലെ മാറ്റങ്ങളാണോ അതോ സാമ്പത്തിക മാന്ദ്യം കടന്നെത്തിയതാണോ ? – സഞ്ജയ് നിരുപം ചോദിക്കുന്നു.

കഴിഞ്ഞദിവസമാണ് സിദ്ധാര്‍ത്ഥിനെ കാണാതായത്. സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായതായും അദ്ദേഹം ജീവനക്കാര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിനടുത്ത് വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. കാറില്‍ സഞ്ചരിച്ചിരുന്ന സിദ്ധാര്‍ത്ഥ ഈ സ്ഥലത്തിന് സമീപം കാറിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. സിദ്ധാര്‍ത്ഥയ്ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.