നിലമ്പൂരിനായി കോണ്‍ഗ്രസ് ഒരുങ്ങുന്നു; നേതൃയോഗം നാളെ

Jaihind News Bureau
Sunday, April 6, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം നാളെ ചേരും. മണ്ഡലത്തിന്റെ ചുമതലയുള്ള രാഷ്ട്രീയകാര്യ സമിതി അംഗം എപി അനില്‍കുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രാവിലെ 11 ന് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലാണ് യോഗം. മണ്ഡലം പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും.

ഇടതുപക്ഷത്തു നിന്ന് സ്വതന്ത്ര എംഎല്‍എയായ പി.വി.അന്‍വറിന്റെ രാജിയെ തുടര്‍ന്നാണ് നിലമ്പൂര്‍ മ്ണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പു ദിനം പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നിലമ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ 263 പോളിംഗ് ബൂത്തുകള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി ഓരോ ബൂത്തിലും വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. ഇസിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നതെന്ന് സിഇഒ രത്തന്‍ കേല്‍ക്കര്‍ അറിയിച്ചു.