മഹാമാരിയില്‍ കൈത്താങ്ങായി കോണ്‍ഗ്രസ് കൂട്ടായ്മ ; മാതൃകാപ്രവര്‍ത്തനങ്ങളുമായി ആയവന കൊവിഡ് ജാഗ്രതാ സമിതി

Jaihind Webdesk
Tuesday, June 8, 2021

 

കൊച്ചി : കൊവിഡിന്‍റെ രണ്ടാം വരവിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ ദുരിത ബാധിതർക്ക് കൈത്താങ്ങാവുകയാണ് എറണാകുളം ആയവന പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ.
ആയവന പഞ്ചായത്ത് കോൺഗ്രസ് കൂട്ടായ്മ രൂപം കൊടുത്ത കൊവിഡ് ജാഗ്രതാ സമിതിയുടെ കോൺഗ്രസിന്‍റെ കൈത്താങ്ങ് പദ്ധതിയിൽ വിവിധങ്ങളായ മാതൃകാ പ്രവർത്തനങ്ങളാണ് ഒരു മാസക്കാലമായി നടത്തിവരുന്നത്.

കൊവിഡ് രോഗികൾ, നെഗറ്റീവ് ആയവർ, കിടപ്പു രോഗികൾ, ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടുന്നവർ, കൊവിഡ് ഡ്യൂട്ടിയിലുള്ള നിയമപാലകർ, അതിഥി തൊഴിലാളികൾ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എല്ലാവർക്കും വേണ്ടി ആയവന കോൺഗ്രസ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ബിരിയാണി വിതരണം ചെയ്തു.

 

പച്ചക്കറി കിറ്റ് വിതരണത്തിന് പഞ്ചായത്തിലെ വിവിധ വീടുകളിൽ പോയപ്പോൾ കാണാനിടയായ ഉള്ളുപൊള്ളിeക്കുന്ന അനുഭവങ്ങളാണ് പഞ്ചായത്തിലെ മൂവായിരത്തിലധികം പേർക്ക് ബിരിയാണി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. മൂവായിരത്തിലധികം ബിരിയാണി കിറ്റുകൾ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായവര്‍ക്ക് എത്തിച്ചു നൽകി. ബിരിയാണി വിതരണോദ്ഘാടനം വാർഡ് പ്രസിഡന്‍റ് നിയാസ് മുസ്തഫ മേക്കലിന് നൽകി മാത്യു കുഴൽ നാടൻ എം.എൽ.എ നിർവഹിച്ചു.

ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്‍റ് ജോയി മാളിയേക്കൽ, കെപിസിസി സെക്രട്ടറി സലിം, കെപിസിസി മെമ്പർ അറക്കൽ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേഴ്‌സി ജോർജ്, കൈത്താങ്ങ് പദ്ധതി ചെയർമാൻ സുഭാഷ് കടക്കോട്ട്, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.