മഞ്ജുവിന് കോൺഗ്രസുമായി ബന്ധമില്ല: ബിന്ദുകൃഷ്ണ

ശബരിമല ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയായ മഞ്ജുവിന് നിലവിൽ കോൺഗ്രസ് പാർട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. മഞ്ജു കെ.ഡി.എഫ് എന്ന സ്വതന്ത്ര സംഘടനയുടെ പ്രവർത്തകയാണ്. ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായ സജി ചെറിയാന വേണ്ടി മഞ്ജു പ്രചാരണപ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. മഞ്ജു പാര്‍ട്ടി ഭാരവാഹിയോ അംഗമോ അല്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ശബരിമല ദർശനത്തിന് തയാറെടുത്ത് മഞ്ജു പമ്പയിലെത്തിയതു മുതൽ ആർ.എസ്.എസ് ആഭിമുഖ്യമുള്ള ചാനൽ മഞ്ജുവിന് കോൺഗ്രസ് ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇത്തരം അസത്യ പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും വിലയിരുത്തലുമുണ്ട്. ദർശനത്തിന് പൊലീസ് സഹായം ചോദിച്ച് മഞ്ജു പമ്പയിലെത്തിയതു മുതൽ ഇത്തരം വാർത്തകൾ പുറത്തു വന്നിരുന്നു. തുടർന്നാണ് ഇതിന്‍റെ യാഥാർഥ്യം വ്യക്തമാക്കി ബിന്ദുകൃഷ്ണ രംഗത്ത് വന്നത്. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ആക്രമണമടക്കം 15 കേസുകളാണ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ പമ്പയിലെത്തിയതു മുതൽ കനത്ത പ്രതിഷേധമാണ് വിശ്വാസികൾ ഉയർത്തിയത്.

കഴിഞ്ഞ ദിവസം പൊലീസ് അകമ്പടിയോടെ ദർശനത്തിനെത്തിയ രഹ്ന ഫാത്തിമയെന്ന ആക്ടിവിസ്റ്റിന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്ന ആരോപണവും പുറത്തുവന്നിരുന്നു. എന്നാൽ രഹ്ന ഫാത്തിമയും സുരേന്ദ്രനും ഇത് നിഷേധിച്ചിരുന്നു. രഹ്ന ഫാത്തിമയടക്കമുള്ള യുവതികൾ സന്നിധാനത്തെ നടപ്പന്തലിൽ പൊലീസ് അകമ്പടിയോടെ എത്തിയതിന്‍റെ പിന്നിലുള്ള ഗൂഡാലോചന അന്വേഷിക്കണമെന്നവാശ്യപ്പെട്ട് പന്തളം രാജകുടുംബവും രംഗത്തു വന്നിരുന്നു.

Sabarimalamanjubindu krishna
Comments (0)
Add Comment