ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കായി കൈകോർത്ത് ഇന്ദ്രപ്രസ്ഥയിൽ കോൺഗ്രസിന്‍റെ പെൺപട. രാഹുലിനെ അയോഗ്യനാക്കിയ കോടതി നടപടിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് അഖിലേന്ത്യ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ജൻതന്ത്ര ബച്ചാവോ റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ശക്തമായ ഊർജ്ജം പകരുന്ന രീതിയിലായിരുന്നു ഇന്ന് ജന്തർ മന്ദിരിൽ നടന്ന മഹിളാ കോൺഗ്രസിന്‍റെ പ്രതിഷേധ സമരം.
രാഹുൽ വിഷയത്തിന് പുറമേ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി അന്വേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി സഭയിലെത്തി മറുപടി പറയണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനിക്കെതിരെയും മോദിക്കെതിരെയും ശബ്ദിച്ചതിനാണ് ബിജെപി രാഹുലിനെതിരെ പ്രതികാര നടപടി സ്വീകരിച്ചതെന്നും, രാജ്യത്ത് ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ച് രാഹുൽ ഗാന്ധിയെ ജയിലിലേക്ക് തള്ളിവിടാൻ നോക്കുകയാണെങ്കിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ജയിലഴിയിലേക്ക് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, മുൻ കേന്ദ്രമന്ത്രി ദീപ ദാസ് മുൻസി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.