കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത 199 പേരുടെ വിവരങ്ങളും പുറത്തുവിട്ട് കോണ്‍ഗ്രസ്; കള്ളവോട്ട് ചെയ്തവരില്‍ 40 പേര്‍ സ്ത്രീകള്‍

Jaihind Webdesk
Sunday, May 5, 2019

Bogus-Voting

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് ചെയ്ത 199 പേരുടെ പേരും വിവരങ്ങളും പുറത്തുവിട്ട് കോൺഗ്രസ്സ്.. കള്ളവോട്ട് ചെയ്തവരിൽ 40 പേർ സ്ത്രീകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്‍റെ വോട്ട് മകന്‍ ചെയ്തതും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്തതും അഞ്ച് വോട്ടുകൾ വരെ കള്ളവോട്ട് ചെയ്ത ആളുകളുടെ വിവരങ്ങളും ഇതിലുണ്ട്.

വ്യാപകമായി കളളവോട്ട് നടന്ന ബൂത്തുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 22 കള്ളവോട്ടുകൾ പോൾ ചെയ്തു. ഇതിൽ ആറെണ്ണം വനിതകളുടേതാണെന്ന് കോൺഗ്രസ് പുറത്തുവിട്ട രേഖകളിൽ നിന്ന് വ്യക്തമാകുന്നു. പേരാവൂരിൽ 35 പേർ കള്ളവോട്ട് ചെയ്തു. ഇതിൽ 6 പേർ സ്ത്രീകളാണ്. തളിപ്പറമ്പിൽ 77 പേരാണ് കള്ളവോട്ട് ചെയ്തത്. ഇതിൽ 17 സ്ത്രീകൾ ഉൾപ്പെടുന്നു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ മണ്ഡലമായ മട്ടന്നൂരിൽ 11 സ്ത്രീകൾ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. കള്ളവോട്ട് ചെയ്ത ആളുടെ പേരും ആരുടെ വോട്ടാണ് കള്ളവോട്ട് ചെയ്തതെന്നും ഈ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തവരുടെ പേരുകൾ സഹിതമാണ് പട്ടിക പുറത്ത് വിട്ടത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്‍റെ വോട്ട് മകന്‍ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്തതും കോൺഗ്രസ്സ് പുറത്ത് വിട്ട രേഖയില്‍ വ്യക്തമാക്കുന്നു . പ്രായപൂർത്തിയാവാത്ത കൗമാരക്കാർ വന്ന് വോട്ട് ചെയ്ത ബൂത്തുകളെ സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ട്. കള്ളവോട്ട് ചെയ്തവരെ കൂടാതെ അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടതിൽ ഉൾപ്പെടുന്നു. കള്ളവോട്ട് നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയിട്ടും അതിന് കൂട്ടുനിന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കളളവോട്ട് ചെയ്തത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ജില്ലാ വരണാധികാരിയുടെ ഭാഗത്തുനിന്ന് നടപടി ആയില്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും, കോടതിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.