അധികാരക്കൈമാറ്റം ചെങ്കോല്‍ വഴിയാണെന്ന കാര്യം അറിയില്ലെന്ന് ആധീനം മഠാധിപതിയുടെ വെളിപ്പെടുത്തല്‍; ചെങ്കോല്‍ കഥ ബിജെപിയുടെ നുണ ഫാക്ടറിയെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, June 10, 2023

 

ന്യൂഡൽഹി: അധികാരക്കൈമാറ്റത്തിന്‍റെ ഭാഗമെന്ന് പ്രചരിപ്പിച്ച് ബിജെപി പാർലമെന്‍റില്‍ നടത്തിയ ചെങ്കോല്‍ പ്രതിഷ്ഠയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് അധികാരം കൈമാറിയത് ചെങ്കോൽ വഴിയാണെന്ന കാര്യം അറിയില്ലെന്ന് ചെങ്കോൽ സമ്മാനിച്ച ആധീനത്തിലെ മുഖ്യപുരോഹിതന്‍ വെളിപ്പെടുത്തി. ബിജെപിയുടെ വ്യാജ നിർമാണഫാക്ടറി തുറന്നുകാട്ടപ്പെട്ടതായി കോൺഗ്രസ് പ്രതികരിച്ചു.

‘ദി ഹിന്ദു’ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിരുവാടുതുറൈ ആധീനം മുഖ്യ മഠാധിപതി ശ്രീ ലാ ശ്രീ അമ്പലവന ദേശിക പരമാചാര്യ സ്വാമികളുടെ വെളിപ്പെടുത്തൽ. ആധീനത്തിലെ 24-ാം മഠാധിപതിയാണ് സ്വാമികള്‍. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് അധികാരം കൈമാറിയത് ചെങ്കോൽ വഴിയാണെന്ന കാര്യം അറിയില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.  മൗണ്ട് ബാറ്റണ് നൽകി എന്ന അവകാശവാദത്തിന് തെളിവൊന്നുമില്ലെന്നും മഠത്തിൽ 1947 ൽ ചില സുവനീറുകൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അതു കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലമെന്‍റിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠിച്ച ചെങ്കോൽ, അധികാരക്കൈമാറ്റത്തിന്‍റെ ഭാഗമായി മൗണ്ട് ബാറ്റണ്‍ പ്രഭുവില്‍ നിന്ന് നെഹ്രു സ്വീകരിച്ചതാണെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ അവകാശവാദം. ഇതിനെ പൊളിച്ചുകാട്ടുന്നതാണ് ആധീനത്തിലെ മുഖ്യപുരോഹിതന്‍റെ വെളിപ്പെടുത്തല്‍.

പിന്നാലെ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവാടുതുറൈയിലെ മുഖ്യ സ്വാമികൾതന്നെ ബിജെപിയുടെ വ്യാജനിർമാണ ഫാക്ടറി തുറന്നുകാട്ടിയതായി മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  ജയ്‌റാം രമേഷ് പറഞ്ഞു. തിരുവാടുതുറൈ ആധീനത്തിന്‍റെ താൽപര്യപ്രകാരമാണ്​ ചെങ്കോൽ നെഹ്രുവിന്​ സമ്മാനിച്ചത്​. തിരുവാടുതുറൈ മഠം നാദസ്വര വിദ്വാൻ രാജരത്തിനത്തെ ചെങ്കോലുമായി ഡൽഹിക്ക്​ അയക്കുകയായിരുന്നു. അദ്ദേഹത്തെ നെഹ്റുവിന്​ പരിചയപ്പെടുത്തിയത്​ ഡോ. പി സുബ്ബരോയനാണ്​. നാദസ്വര മേളത്തോടെ ചെങ്കോൽ സമ്മാനിക്കപ്പെട്ടു. ചെങ്കോൽ നേരത്തെ മൗണ്ട്​ ബാറ്റനോ സി. രാജഗോപാലാചാരിക്കോ നൽകിയിരുന്നുമില്ല – ജയ്​റാം രമേശ്​ പറഞ്ഞു.