കോണ്‍ഗ്രസ് ഇന്ത്യയെ വികസനത്തിലേക്ക് നയിച്ചു; അതിനെ നശിപ്പിക്കാന്‍ മോദി നോട്ട്‌നിരോധനവും ഗബ്ബര്‍സിങ് ടാക്‌സും നടപ്പാക്കി: രാഹുല്‍ഗാന്ധി

Saturday, January 5, 2019

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിജയത്തിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുകയാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. പരാജയപ്പെട്ട നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്‌സും നടപ്പാക്കിയതിലൂടെ ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി. ആരെയും കേള്‍ക്കാത്ത അശക്തനായ വ്യക്തിയാണ് നരേന്ദ്രമോദിയെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനവും ജി.എസ്.ടിയും പൂര്‍ണ്ണ പരാജയമെന്ന ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
കള്ളപ്പണത്തെയും നികുതി അടയ്കാത്തവരെയും പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും പൂര്‍ണ്ണപരാജയമെന്നാണ് കണക്കുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ നടപടികള്‍ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചു. ജി.എസ്.ടി വന്നതോടെ സാധാരണക്കാര്‍ക്ക് നികുതി ഭാരം വര്‍ദ്ധിച്ചെന്നും സാമ്പത്തിക വിദഗ്ധനായ ഗൗരവ് ആനന്ദിനെ ഉദ്ധരിച്ച് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.