‘ഏകോപനത്തില്‍ ആശയക്കുഴപ്പമുണ്ടായി’; രോഗി മരിച്ച സംഭവത്തില്‍ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

 

തിരുവനന്തപുരം: തിരു. മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ആശയക്കുഴപ്പം ഉണ്ടായെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് . വൃക്ക പെട്ടിയിൽ നിന്ന് എടുത്ത് മാറ്റിയത് പുറത്തു നിന്നുള്ളവരാണ്. സംഭവത്തിൽ അന്വേഷണ വിധേയമായി ന്യൂറോളജി നെഫ്രോളജി മേധാവികളെ സസ്പെന്‍ഡ് ചെയ്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും 2 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ ശസ്ത്രക്രിയ തുടങ്ങാൻ നാല് മണിക്കൂർ വൈകി. വൈകി ശസ്ത്രക്രിയ നടത്തിയതിന് പിന്നാല വൃക്ക രോഗി മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ 62 വയസുള്ള സുരേഷാണ് മരിച്ചത്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡയാലിസിസ് ഉണ്ടായിരുന്നതിനാലാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡയാലിസിസിനായി 4 മണിക്കൂർ വേണ്ടി വന്നതായും അധികൃതർ പറഞ്ഞു. എന്നാൽ ഏകോപനത്തിൽ ആശയക്കുഴപ്പമുണ്ടായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മതിച്ചു.

ആംബുലൻസിൽ ന്യൂറോളജി, നെഫ്രോളജി ഡോക്ടര്‍മാരുണ്ടായിരുന്നു. രോഗി മരിച്ചതോടെ സംഭവം വിവാദമായി. ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പെട്ടിയിലുള്ള വൃക്കയെടുത്തത് പുറത്തു നിന്നുള്ളവരാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നു. തുടർന്ന് ന്യൂറോളജി, നെഫ്രോളജി വകുപ്പ് തലവന്മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ. ഇതിനു ശേഷമാവും വിഷയത്തിൽ കൂടുതൽ നടപടി ഉണ്ടാവുക. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Comments (0)
Add Comment