ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യ ദിവസം തന്നെ പല സർവീസുകളും റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യ ദിവസം തന്നെ പല സർവീസുകളും റദ്ദാക്കി. മുന്നറിയിപ്പുകൾ ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കിയ നടപടി യാത്രക്കാരെ വലച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുമ്പോൾ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർത്ത സാഹചര്യത്തിലാണ് സർവീസുകൾ റദ്ദാക്കിയത്.

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിർത്തലാക്കിയ വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. എന്നാൽ ആദ്യദിനം തന്നെ ഭൂരിഭാഗം സർവീസുകളും റദ്ദാക്കുന്ന കാഴ്ചകളാണ് പല വിമാനത്താവളങ്ങളിലും കാണാൻ കഴിഞ്ഞത്. മുംബൈ, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ വിമാനത്താവളങ്ങളിൽ സർവീസുകൾ റദ്ദാക്കി. എന്നാൽ സർവീസുകൾ റദ്ദാക്കിയ കാര്യം കൃത്യമായി യാത്രക്കാരെ അറിയിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. യാത്രക്കാർ ഡൽഹിയിൽ ഉൾപ്പെടെ പ്രതിഷേധം ഉയർത്തി. ഇതേ തുടർന്ന് വിമാനത്താവളങ്ങളിൽ വലിയ തിക്കുംതിരക്കും അനുഭവപ്പെട്ടു.

വിമാനങ്ങൾ സർവീസ് നടത്താനാകില്ല എന്ന് പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 82 വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിങ് ഉൾപ്പെടെ നിർബന്ധമാക്കിയതിനെ തുടർന്ന് വലിയ ക്യൂ ആണ് ഉണ്ടായത്. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്ന പരിശോധനനയും വിമാനത്താവളങ്ങളിൽ നടക്കുന്നുണ്ട്.

എന്നാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകൾ നടത്തരുത് എന്ന് മഹാരാഷ്ട്ര, ബംഗാൾ, ചത്തീസ്ഗഡ്, തമിഴ് നാട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂണിൽ ആരംഭിക്കും എന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്

Comments (0)
Add Comment