തളിപ്പറമ്പിലെ വിഭാഗീയത പുതിയ തലത്തിലേക്ക്; പ്രതിഷേധിച്ചവരെ തള്ളി സിപിഎം നേതൃത്വം, എതിർപ്പ് ശക്തമാക്കാന്‍ പ്രവർത്തകർ

Jaihind Webdesk
Friday, October 22, 2021

 

കണ്ണൂർ തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയവരെ തള്ളിപ്പറഞ്ഞ് സിപിഎം നേതൃത്വം. ലോക്കൽ കമ്മിറ്റിക്കെതിരെ പ്രകടനം നടത്തിയവർ തൽപ്പരകക്ഷികളും താല്‍പര്യസംരക്ഷകരുമെന്ന് തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രൻ. പാർട്ടി നേതൃത്വത്തിനെതിരെ നോട്ടീസ് ഒട്ടിച്ചവർക്കും പ്രകടനം നടത്തിയവർക്കും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ലോക്കൽ സെക്രട്ടറി. അതേസമയം പാർട്ടി നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം പ്രവർത്തകർ.

തളിപ്പറമ്പ് സിപിഎമ്മിന്‍റെപുതിയ ലോക്കൽ കമ്മിറ്റി നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം പ്രവർത്തകർ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തിരുന്നു.
മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് കോമത് മുരളീധരന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയവരെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് സിപിഎം നേതൃത്വം രംഗത്തെത്തി.

ലോക്കൽ കമ്മിറ്റിക്കെതിരെ പ്രകടനം നടത്തിയവർ തൽപ്പരകക്ഷികളും താല്‍പര്യ സംരക്ഷകരുമെന്ന് തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രൻ  പറഞ്ഞു. നേതൃത്വം അടിച്ചമർത്തുന്നു എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്. തളിപ്പറമ്പ് നഗരത്തിലെ ചില പ്രധാന നേതാക്കളും പ്രവർത്തകരുമാണ് പ്രകടനം നടത്തിയത്. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

‘കോമ്രേഡ്സ് ഓഫ് പാലയാട്’ എന്ന പേരിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പുല്ലായ്ക്കൊടി ചന്ദ്രന് ഔദ്യോഗിക പക്ഷം നേതാക്കളുടെ പിന്തുണ ഉള്ളതിനാൽ നേതൃത്വത്തെ വെല്ലുവിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടായേക്കും. അതേസമയം നേതൃത്വത്തിന് എതിരെയുളള പ്രതിഷേധം ശക്തമാക്കാനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.