കലങ്ങിമറിഞ്ഞ് കർണാടക ബി.ജെ.പി ; യെദ്യൂരപ്പയുടെ രാജിക്കായി മുറവിളി

Jaihind News Bureau
Friday, January 15, 2021

ബംഗളുരു : മന്ത്രിസഭാ വികസനത്തിന് തൊട്ടുപിന്നാലെ കർണാടക ബി.ജെ.പിയില്‍ കലഹം. മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. യെദ്യൂരപ്പക്കെതിരെ ‘രഹസ്യ സി.ഡി’ ഭീഷണി ആരോപണം ഉന്നയിച്ച ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീൽ യത്നൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയ ബി.ജെ.പി എം.എല്‍.എമാരോട് കേന്ദ്ര നേതൃത്വത്തെ നേരിൽ കണ്ടു പരാതിപ്പെടാനായിരുന്നു  യെദ്യൂരപ്പയുടെ നിർദേശം.

ഒരു വർഷത്തിലേറെ നീണ്ടു നിന്ന ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നടന്ന മന്ത്രിസഭാ വികസനത്തിനു പിന്നാലെയാണ്  കർണാടക ബി.ജെ.പിക്കുള്ളിൽ കലഹം തലപൊക്കിയത്. പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയവരില്‍ ചിലർ രഹസ്യ വിവരങ്ങളടങ്ങിയ സി.ഡി കാണിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തിയാണ് മന്ത്രിപദവിയിലെത്തിയതെന്ന് ബസനഗൗഡ ആരോപണമുന്നയിച്ചു. അഴിമതി കേസുകൾ നേരിടുന്ന യെദ്യൂരപ്പ രാജിവെക്കണമെന്നും ബസനഗൗഡ ആവശ്യപ്പെട്ടു. ഇപ്പോള്‍ പണവും രഹസ്യ സി.ഡിയുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ബി.വൈ വിജയേന്ദ്രയാണ് പണമിടപാടുകൾ കൈകാര്യം ചെയ്തതെന്നും ബസനഗൗഡ പറയുന്നു.

പുതുതായി മന്ത്രിമാരായവരില്‍ മൂന്ന് പേർ യെദ്യൂരപ്പക്കെതിരെ നെലമംഗലയിലെ റിസോർട്ടില്‍ ഗൂഢാലോചന നടത്തിയിരുന്നതായും ഇവരുടെ ഭീഷണിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായി യെദ്യൂരപ്പ വഴിവിട്ട കളികള്‍ നടത്തുകയാണെന്നും ബസനഗൗഡ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ലിംഗായത്ത് മഠങ്ങളെ യെഡിയൂരപ്പ ദുരുപയോഗം ചെയ്യുന്നു. മഠങ്ങൾക്കായികോടികള്‍ നൽകിയ യെദ്യൂയൂരപ്പ, മഠാധിപന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിക്കാൻ ശ്രമിച്ചതായും ഇക്കാര്യം നേതാക്കള്‍ക്ക് അറിയാമെന്നും ബസനഗൗഡ പറയുന്നു.

എം.എൽ.എമാരായ എം.പി രേണുകാചാര്യ, എം.പി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, സുനിൽ കുമാർ, രാജുഗൗഡ, എസ്.എ രാമദാസ് തുടങ്ങി നിരവധി പേരാണ് യെദ്യൂരപ്പയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്.