വിജയ് ബാബു വിഷയത്തില്‍ എഎംഎംഎയില്‍ തര്‍ക്കം; പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു

Jaihind Webdesk
Monday, May 2, 2022

 

കൊച്ചി : ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ കർശന നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ അഭിനേതാക്കളുടെ സംഘടനയായ എഎഎംഎയില്‍ തർക്കം രൂക്ഷം. തര്‍ക്കവും രാജിയും. സംഘടനയുടെ പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാല പാർവതി രാജിവെച്ചു.

ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെ പുറത്താക്കാന്‍ ഏപ്രിൽ 30 ന് അഭ്യന്തര പരിഹാര സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്. നടപടിയിൽ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. അതൃപ്തി പരസ്യമാക്കി നടി മാലപാര്‍വതി രാജി കത്ത് നല്‍കി. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം.

നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവരുടെ വാദം. അവസാനം ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ സംഘടനയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ എഎംഎംഎയ്ക്ക് മെയില്‍ അയച്ചിരുന്നു.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്സനായ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.എന്നാൽ വിജയ് ബാബുവിനെതിരെ കർശന നടപടി എടുക്കാത്ത താര സംഘടനക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നാണ് സൂചന.